ആർ.എസ്.എസ് പ്രതിനിധിസഭക്ക് ബംഗളൂരുവിൽ തുടക്കം
text_fieldsബംഗളൂരു ചന്നഹള്ളിയിൽ വെള്ളിയാഴ്ച ആരംഭിച്ച ആർ.എസ്.എസിന്റെ ദേശീയ പ്രതിനിധിസഭ സംഘടന ചീഫ് മോഹൻ
ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ആർ.എസ്.എസിന്റെ ദേശീയ പ്രതിനിധി സഭക്ക് ബംഗളൂരുവിൽ തുടക്കമായി. മൂന്നു ദിവസം നീളുന്ന സമ്മേളനം ചന്നഹള്ളിയിൽ വെള്ളിയാഴ്ച ആർ.എസ്.എസ് ചീഫ് മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 സംഘടനകളുടെ തലവന്മാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
രണ്ടു വർഷത്തിലൊരിക്കൽ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ആർ.എസ്.എസിന്റെ നയരൂപവത്കരണവും നിലപാട് പ്രഖ്യാപനവും നടക്കുക. മണിപ്പൂർ കലാപം, ബംഗ്ലാദേശ് കലാപം തുടങ്ങി ദേശീയവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് ആർ.എസ്.എസ് ജോയന്റ് സെക്രട്ടറി സി.ആർ. മുകുന്ദ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 20 മാസമായി മണിപ്പൂരിൽ മോശം സാഹചര്യമാണുള്ളത്.
എന്നാൽ, കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയപരവും ഭരണപരവുമായ കാഴ്ചപ്പാടിന്റെ ഫലമായി ഇപ്പോൾ അവിടെ പ്രതീക്ഷ നിലനിൽക്കുന്നു. മണിപ്പൂരിലെ സാഹചര്യം ആർ.എസ്.എസ് വിലയിരുത്തിവരുകയാണ്. സാധാരണ ഗതിയിലേക്ക് മണിപ്പൂർ തിരിച്ചുവരാൻ സമയമെടുക്കും.
ദേശീയ ഐക്യത്തിനെതിരായ വെല്ലുവിളികളും ചർച്ചാവിഷയമാവും. മണ്ഡല പുനർനിർണയത്തിനെതിരായ നീക്കവും ഭാഷാ വിവാദവും രാജ്യത്തെ തെക്ക്, വടക്ക് എന്ന രീതിയിൽ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ചില പ്രത്യേക സംസ്ഥാനങ്ങളിലടക്കം, ആർ.എസ്.എസിന്റെ നേതൃത്വത്തിൽ സൗഹാർദം തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തുകയാണ്.
രാജ്യത്ത് സജീവമായ 83,129 ശാഖകൾ പ്രവർത്തിക്കുന്നുണ്ടെന്നും ശാഖകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 10,000ത്തോളം വർധനയുണ്ടായെന്നും സി.ആർ. മുകുന്ദ പറഞ്ഞു. ആഗോളതലത്തിൽ ഹിന്ദു സംരക്ഷണം ലക്ഷ്യമിട്ട് പുതിയ പ്രമേയ രൂപവത്കരണവും സമ്മേളനത്തിൽ നടക്കുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.