കർണാടകയിൽ വ്യാജവാർത്ത തടയാൻ നിയമനിർമാണം
text_fieldsബംഗളൂരു: വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിലെ അപകീർത്തി പോസ്റ്റുകളും തടയാൻ നിയമനിർമാണത്തിനൊരുങ്ങി കർണാടക. ഡിസംബർ നാലുമുതൽ ചേരുന്ന ശീതകാല നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് നീക്കം.
ബില്ലിന്റെ കരടുരൂപം ഐ.ടി വകുപ്പുമായി ചേർന്ന് ആഭ്യന്തര വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബെളഗാവിയിലെ സുവർണ സൗധയിലാണ് നിയമസഭയുടെ സംയുക്ത സെഷൻ നടക്കുക. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി.കെ. പരമേശ്വര പറഞ്ഞു.
അതേസമയം, തങ്ങളുടെ ഐ.ടി സെൽ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി ചെറുക്കാൻ ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ പൊലീസ് നടപടി നേരിടുന്ന ഐ.ടി സെൽ പ്രവർത്തകർക്ക് നിയമസഹായം നൽകാനാണ് ബി.ജെ.പി തീരുമാനം. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അത്തരം അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ നടത്തുന്നതിൽനിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കില്ലെന്നും വിജയേന്ദ്ര വ്യക്തമാക്കി.
എന്നാൽ, വ്യാജ വാർത്തകൾക്കും സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയ ഉടൻ നയം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത്തരം വ്യാജ വാർത്തകളും സമൂഹമാധ്യമ പോസ്റ്റുകളും നിരീക്ഷിക്കാൻ ഐ.ടി വകുപ്പിനു കീഴിൽ പ്രത്യേക വിഭാഗംതന്നെ രൂപവത്കരിക്കുമെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട്; കേസെടുത്തു
ബംഗളൂരു: കർണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ ഗ്രൂപ് നിർമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ശിവമൊഗ്ഗയിലെ സൈബർ, ഇക്കണോമിക് ആൻഡ് നാർകോട്ടിക്സ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മന്ത്രിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ അപകീർത്തികരമായ പോസ്റ്റുകളും ഈ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. കെ.പി.സി.സി കർണാടക കോഓഡിനേറ്റർ ജി.ഡി. മഞ്ജുനാഥിന്റെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്.
മന്ത്രിയുടെ ഫോട്ടോ അടക്കം പ്രൊഫൈലിൽ ഉൾപ്പെടുത്തിയ വ്യാജ ഗ്രൂപ്പിന് ഫേസ്ബുക്കിൽ 58,000 ഫോളോവേഴ്സുണ്ട്. തിങ്കളാഴ്ച ഈ ഗ്രൂപ്പിൽ ‘കുന്താപുര വിരാട്’ എന്ന പ്രൊഫൈലിൽനിന്ന് മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ വിഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.