ശബരിമല തീർഥാടന-ക്രിസ്മസ് അവധി തിരക്ക്; സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന് ആവശ്യം
text_fieldsബംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്കും ക്രിസ്മസ് അവധിക്കാല തിരക്കും കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ ബംഗളൂരു റെയില്‍വേ ഡിവിഷനല്‍ ഓപറേഷനല്‍ മാനേജരുമായി കൂടിക്കാഴ്ച നടത്തി.
സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കാന്‍ ദക്ഷിണ റെയിൽവേക്ക് നിർദേശം അയക്കുമെന്ന് ഡി.ഒ.എം ഉറപ്പുനൽകിയതായി ഭാരവാഹികള്‍ അറിയിച്ചു. കൊച്ചുവേളി-യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസിന് കര്‍മലാരം സ്റ്റേഷനിലും ഹെബ്ബാള്‍ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന്റെ നീളംകൂട്ടൽ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഹെബ്ബാളിലും സ്റ്റോപ് അനുവദിക്കുമെന്ന് ഡി.ഒ.എം അറിയിച്ചു.
മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ് ഉച്ചക്ക് രണ്ടിനു ശേഷം മൈസൂരുവില്‍നിന്ന് പുറപ്പെടുന്നതു സംബന്ധിച്ച് ആലോചിച്ചു തീരുമാനമുണ്ടാക്കാമെന്നും ഡിവിഷനല്‍ ഓപറേഷനല്‍ മാനേജര്‍ നിവേദകസംഘത്തിന് ഉറപ്പുനൽകി. കോഓഡിനേറ്റര്‍ മെറ്റി കെ. ഗ്രേസ്, ട്രഷറര്‍ പി.എ. ഐസക്, അഡ്വ. വിജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നിലവിൽ ക്രിസ്മസ് അവധിക്കാലത്തേക്ക് നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. സ്വകാര്യബസുകളിൽ അവധിക്കാലങ്ങളിൽ കൊള്ള നിരക്ക് ഈടാക്കുന്നതിനാൽ പ്രവാസികൾ വൻ തുക മുടക്കേണ്ട സാഹചര്യമാണ്. സ്വകാര്യ ബസുകളുടെ കൊള്ള തടയാൻ നടപടികളുണ്ടാവുമെന്ന് കേരള മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് നൽകുന്നതല്ലാതെ ഒരു നടപടിയും ഇക്കാര്യത്തിൽ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.