മുഖ്യമന്ത്രിക്കെതിരായ ‘മുൻ’ പരാതിക്കാരുടെ പടങ്ങളിൽ ബലിരക്തം
text_fieldsമംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) കേസിലെ പരാതിക്കാരുടെ ഫോട്ടോകളിൽ ബലിമൃഗ രക്തം പുരട്ടിയ കേസിൽ രാമസേന സ്ഥാപകൻ പ്രസാദ് അത്താവറും ഭാര്യ സുമയും പൊലീസുമായി സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ആരോപിച്ചു. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും അത്താവറും ഭാര്യയും പ്രതികരിക്കാൻ വിസമ്മതിച്ചുവെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാമത്തെ നോട്ടീസ് അത്താവറിലേക്ക് അയക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അത്താവറിനെ നേരത്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് കമീഷണർ വ്യക്തമാക്കി. ആശുപത്രിയിലായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തു. തുടർന്ന് ജാമ്യം ലഭിച്ചു.
അതിനുശേഷം അദ്ദേഹം പൊലീസുമായി സഹകരിക്കുന്നില്ല. അത്താവറിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ നിലവിൽ ഫോറൻസിക് പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കമീഷണർ കൂട്ടിച്ചേർത്തു. ഉഡുപ്പിയിൽ സബ് ഇൻസ്പെക്ടറായ അത്താവറിന്റെ ഭാര്യ സുമ പൊലീസ് നോട്ടീസുകൾക്ക് മറുപടി നൽകിയിട്ടില്ലെന്നും പകരം അവർ അവധിയിൽ പോയി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് കമീഷണർ അറിയിച്ചു.
കഴിഞ്ഞ മാസം 23ന് ബെജായിലെ ഒരു സലൂണിൽ നടന്ന ഒരു സംഘർഷത്തിൽ പങ്കെടുത്തതിന് അത്തവാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഞ്ച് ആടുകളെ ബലിയർപ്പിച്ചതായും മുഡ കേസുമായി ബന്ധപ്പെട്ട ഒരു ആചാരത്തിന്റെ ഭാഗമായി സ്നേഹമയി കൃഷ്ണയുടെയും മറ്റുള്ളവരുടെയും ഫോട്ടോകളിലും നെയിം ടാഗുകളിലും അവയുടെ രക്തം ഉപയോഗിച്ചതായും കണ്ടെത്തി. തുടർന്ന് ചടങ്ങിൽ പങ്കെടുത്തതിന് അത്തവാറിനെതിരെ ബാർക്കെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.