ജാമ്യത്തിലിറങ്ങിയ കർസേവകന് സ്വീകരണവുമായി സംഘ്പരിവാർ
text_fieldsബംഗളൂരു: ഹുബ്ബള്ളി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ഒമ്പതു ദിവസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ഹിന്ദുത്വ പ്രവർത്തകൻ ശ്രീകാന്ത് പൂജാരിക്ക് സ്വീകരണവുമായി സംഘ്പരിവാർ. ഹുബ്ബള്ളി ജയിലിൽനിന്ന് പുറത്തിറങ്ങിയ ശ്രീകാന്ത് പൂജാരിയെ ജയ് ശ്രീറാം വിളികളോടെ ഹാരാർപ്പണം നടത്തിയാണ് സ്വീകരിച്ചത്. ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ ബി.ജെ.പി എം.എൽ.എ മഹേഷ് തെങ്കിനാകയ്, ബി.ജെ.പി പ്രവർത്തകർ, ബജ്റംഗ്ദൾ പ്രവർത്തകർ, വി.എച്ച്.പി പ്രവർത്തകർ തുടങ്ങിയവരാണ് സ്വീകരണത്തിനെത്തിയത്. ശ്രീകാന്തിന്റെ അറസ്റ്റിനെതിരെ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
31 വർഷം മുമ്പ് ഹുബ്ബള്ളിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീകാന്ത് പൂജാരിക്ക് ഉപാധികളോടെയാണ് ഹുബ്ബള്ളി കോടതി ജാമ്യം അനുവദിച്ചത്. പൂജാരിയുടെ അറസ്റ്റിൽ വിദ്വേഷ രാഷ്ട്രീയം ചേർക്കേണ്ടതില്ലെന്നും കോടതി കുറ്റമുക്തമാക്കുന്നതുവരെ ക്രിമിനലുകൾ എന്നും ക്രിമിനലുകൾ തന്നെയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. സ്റ്റേഷനുകളിലെ പഴയ കേസുകളിൽ നടപടി സ്വീകരിക്കുന്നത് പതിവാണെന്നും ഇതുപ്രകാരമാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നും ഹുബ്ബള്ളി-ധാർവാഡ് എസ്.പിയും വ്യക്തമാക്കിയിരുന്നു.
1992 ഡിസംബർ അഞ്ചിന് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടെ ന്യൂനപക്ഷ വിഭാഗക്കാരുടെ കടകൾക്ക് തീയിട്ടതുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരിയടക്കം 10 പേർക്കെതിരെ ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് 20 വയസ്സുണ്ടായിരുന്ന പൂജാരി എഫ്.ഐ.ആർ പ്രകാരം മൂന്നാം പ്രതിയായിരുന്നു. ഹുബ്ബള്ളി ചന്നപേട്ട് സ്വദേശിയായ ഇയാൾക്കെതിരെ 1992നും 2018നും ഇടയിൽ 16 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ ഒമ്പതെണ്ണം അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ടാണ്. കലാപങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളുമുണ്ട്. ചൂതാട്ടവുമായി ബന്ധപ്പെട്ടും കേസുണ്ട്. ഇവയിൽ മിക്ക കേസുകളും ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനിലാണുള്ളത്. കുറച്ചുകാലമായി ഓട്ടോ ഡ്രൈവറായി കഴിയുന്ന ശ്രീകാന്തിനെ ഡിസംബർ അവസാനവാരത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.