സർഗസംഗമ വേദിയായി വേറിട്ടൊരു സപ്തതി ആഘോഷം
text_fieldsബംഗളൂരു: അരനൂറ്റാണ്ടുകാലമായി ബംഗളൂരുവിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ എഴുത്തുകാരനും സംഘാടകനുമായ എസ്.കെ. നായരുടെ സപ്തതി ആഘോഷം സർഗസംഗമ വേദിയായി മാറി.
ദൂരവാണി നഗർ കേരള സമാജത്തിന്റെ മുൻ അധ്യക്ഷൻകൂടിയായ അദ്ദേഹം, വ്യക്തി കേന്ദ്രീകൃത ജന്മദിനാഘോഷം എന്ന പതിവുരീതി ഉപേക്ഷിച്ച് പ്രവാസ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമമാക്കി മാറ്റുകയായിരുന്നു. അതാകട്ടെ, നഗരത്തിലെ സാംസ്കാരിക വേദിക്ക് അവിസ്മരണീയ അനുഭവമായി. വിജിനപുര ജൂബിലി സ്കൂളിൽ നടന്ന പരിപാടിയിൽ അറുപതോളം എഴുത്തുകാരും കലാകാരന്മാരുമാണ് എസ്.കെ. നായർ ഒരുക്കിയ സഹൃദയ വേദിയിൽ ഒത്തുചേർന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, സുകുമാരൻ പെരിയച്ചൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, കെ.കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, കെ.ആർ. കിഷോർ എന്നിവരോടൊപ്പം മുരളീധരൻ നായർ, പി. ദിവാകരൻ, പീറ്റർ ജോർജ് എന്നിവരും വേദിയിൽ അണിനിരന്നു.
സദസ്സും പ്രൗഢമായിരുന്നു. ഇന്ദിരാബാലന്റെ ‘അഗ്നിസ്നാനം’, ബ്രിജി കെ.ടിയുടെ ‘സിയോട്രോപ്’, രമ പ്രസന്ന പിഷാരടിയുടെ ‘സ്വസ്തി തേ ഭൂമി’, ഷൈനി അജിതിന്റെ ‘ടു ഡേയ്സ് ഓഫ് എ ഫോർഫീറ്റഡ് സ്പിരിറ്റ്’, ഓസ്റ്റിൻ അജിതിന്റെ ‘അറ്റാക്ക് ഓഫ് ദ പർപ്പ്ൾ ബ്ലോപ്സ്’, സിന കെ.എസിന്റെ ‘വിന്റർ ഹ്യൂസ്’ എന്നീ പുസ്തകങ്ങളുടെയും എസ്.കെ. നായരുടെ ‘ഓർമകളിലൂടെ ഒരു യാത്ര,’, ‘ഒരു ലംബാനിക്കല്യാണം’ എന്നീ പുസ്തകങ്ങളുടെയും പ്രകാശനം നടന്നു.
ഭാസ്കരൻ മാഷെയും വയലാറിനെയും ഒ.എൻ. വിയെയുമൊക്കെ ചേർത്തുപിടിച്ച്, മാനവികതയിൽ അധിഷ്ഠിതമായ അവരുടെ ഗാനങ്ങൾ ആലപിച്ച്, കഴിഞ്ഞ നൂറ്റാണ്ടിന്റെ മികവും മലയാളത്തിന്റെ മാധുര്യവും പ്രഭാഷണത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ സദസ്സിനെ അനുഭവിപ്പിച്ചു. സപ്തവർണങ്ങൾ കൂടിച്ചേർന്ന് അപൂർവ ചാരുതയുള്ള ധവളിമ പരിലസിക്കുന്ന കാഴ്ചയാണ് സർഗസംഗമത്തിൽ കാണാൻ കഴിയുന്നതെന്ന് ആലങ്കോട് ചൂണ്ടിക്കാട്ടി. പ്രവാസ എഴുത്തുകാരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.