എസ്.സി, എസ്.ടി സംവരണ വർധന: ഓർഡിനൻസിന് ഗവർണറുടെ അനുമതി
text_fieldsബംഗളൂരു: പിന്നാക്ക സംവരണം ഉയർത്താനുള്ള കർണാടക സർക്കാർ ഓർഡിനൻസിന് ഗവർണറുടെ അനുമതി. പട്ടികജാതി (എസ്.സി) സംവരണം 15 ശതമാനത്തിൽനിന്ന് 17 ആയും പട്ടിക വർഗ (എസ്.ടി) സംവരണം മൂന്നു ശതമാനത്തിൽനിന്ന് ഏഴായും ഉയർത്താനുള്ള ഓർഡിനൻസിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് ഒപ്പിട്ടു. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഓർഡിനൻസ് ബില്ലായി അവതരിപ്പിച്ച് പാസാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പിന്നാക്ക സംവരണം ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സർക്കാറിന്റെ സമ്മാനമാണിതെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു. പിന്നാക്ക സംവരണം സംബന്ധിച്ച വിഷയമായതിനാൽ പ്രതിപക്ഷം എതിർക്കില്ലെന്നതിനാൽ നിയമസഭയിലും ഉപരിസഭയിലും ഭൂരിപക്ഷമുള്ള സർക്കാറിന് ബിൽ എളുപ്പത്തിൽ പാസാക്കിയെടുക്കാനാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സർവിസുകളിലും പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വർധിക്കാൻ ഓർഡിനൻസ് സഹായകരമാവും. 2018 ലാണ് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് അധ്യക്ഷനായ കമ്മിറ്റിയെ പിന്നാക്ക സംവരണ വർധന സംബന്ധിച്ച പഠനത്തിനായി സർക്കാർ ചുമതലപ്പെടുത്തുന്നത്. കമ്മിറ്റിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ പിന്നാക്ക സംവരണം ഉയർത്താൻ ഓർഡിനൻസ് കൊണ്ടുവരാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
പട്ടിക ജാതി വിഭാഗത്തിൽപെടുന്ന 103 സമുദായങ്ങൾക്കും പട്ടിക വർഗ വിഭാഗത്തിൽപെടുന്ന 56 സമുദായങ്ങൾക്കും വർധിപ്പിച്ച സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.
നിലവിൽ കർണാടകയിൽ ഒ.ബി.സി വിഭാഗത്തിന് 32 ശതമാനവും പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്കു മൂന്നു ശതമാനവും അടക്കം 50 ശതമാനം സംവരണമാണുള്ളത്. 50 ശതമാനം സംവരണമുള്ളതിനാൽ ഭരണഘടനയുടെ ഒമ്പതാം പട്ടിക പ്രകാരമുള്ള സാധ്യത ഉപയോഗപ്പെടുത്തി മാത്രമേ സർക്കാറിന് പിന്നാക്ക സംവരണം ഉയർത്താൻ കഴിയൂ. ജുഡീഷ്യൽ പുനഃപരിശോധനക്ക് സാധ്യതയില്ലാത്ത ഭരണഘടനപരമായ വകുപ്പാണിത്. ഈ വകുപ്പ് ഉപയോഗപ്പെടുത്തിയാണ് തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് 69 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ചില സാഹചര്യങ്ങളിൽ സംവരണം 50 ശതമാനത്തിന് പുറത്തുകടക്കാമെന്ന് എച്ച്.എൻ. നാഗമോഹൻദാസ് കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിന് ശിപാർശ നൽകിയിരുന്നു.
പിന്നാക്ക സംവരണ വർധന ആവശ്യപ്പെട്ട് പട്ടിക ജാതി വിഭാഗത്തിലെ മഡിഗ സമുദായക്കാരുടെ നേതൃത്വത്തിൽ ഡിസംബറിൽ സംസ്ഥാനത്ത് വൻ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണ് സർക്കാർ നിയമസഭ സമ്മേളനത്തിന് മുമ്പെ ഓർഡിനൻസ് വഴി തേടിയത്. 2012ലെ ചരിത്രപ്രസിദ്ധമായ ബെളഗാവി മാർച്ചിന്റെ പത്താം വാർഷികാചരണം കൂടിയാണ് ഡിസംബർ 11ന് നടക്കുക.
2012ൽ ബെളഗാവിയിലെ സുവർണ സൗധയിലേക്ക് മഡിഗ സംവരണ പോരാട്ട സമിതിയുടെ നേതൃത്വത്തിൽ വൻ മാർച്ച് നടന്നിരുന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന ദലിത് വിഭാഗമായ ലെഫ്റ്റ് ദലിതുകളിൽ ഉൾപ്പെടുന്നവരാണ് മഡിഗ സമുദായം. സമരത്തിനുനേരെ പൊലീസ് അന്ന് കണ്ണീർ വാതക ഷെൽ പ്രയോഗിക്കുകയും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കർണാടകയിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലേറിയ ഭരണകാലയളവിൽ ജഗദീഷ് ഷെട്ടാറായിരുന്നു സമരകാലത്തെ മുഖ്യമന്ത്രി. പിന്നാക്ക സംവരണ വർധന പ്രഖ്യാപിച്ചാലും ഏതൊക്കെ സമുദായത്തിന്, എത്രയൊക്കെ ശതമാനം വർധനയാകും സർക്കാർ നടപ്പാക്കുക എന്നതും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.