ചൈനീസ് ആപ് ഉപയോഗിച്ച് തട്ടിപ്പ്: 12 സ്ഥാപനങ്ങളിൽ റെയ്ഡ്
text_fieldsബംഗളൂരു: ചൈനീസ് ആപ്പുകളുമായി ബന്ധമുള്ള ബംഗളൂരുവിലെ 12 സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. 5.85 കോടി രൂപ പിടിച്ചെടുത്തു. യുവതീയുവാക്കൾക്ക് ചൈനീസ് ആപ്പായ 'കീപ്ഷെയർ' മുഖേന പാർട്ട്ടൈം ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഇവരിൽനിന്ന് പണം ഈടാക്കുകയും ചെയ്യും.
ഈ പണം ക്രിപ്റ്റോ കറൻസി ശേഖരിക്കാനായിരുന്നു സ്ഥാപനങ്ങൾ ഉപയോഗിച്ചിരുന്നത്. പാർട്ട്ടൈം ജോലി തട്ടിപ്പ് സംബന്ധിച്ച് ബംഗളൂരു സി.ഇ.എൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്തിയത്. ഇതിന്‍റെ ഭാഗമായായിരുന്നു റെയ്ഡ്.
നിരവധി യുവാക്കൾ ഇത്തരത്തിൽ ചൈന പൗരന്മാരുടെ തട്ടിപ്പിനിരയായതായി കണ്ടെത്തി. ഇവർ ഇന്ത്യക്കാരെ ഉപയോഗിച്ചാണ് ഇന്ത്യയിൽ കമ്പനികൾ സ്ഥാപിക്കുന്നത്. ഇന്ത്യക്കാരെ ഡയറക്ടർമാർ, പരിഭാഷകർ, എച്ച്.ആർ മാനേജർമാർ, ടെലികോളർ തുടങ്ങിയ തസ്തികകളിൽ നിയമിക്കും. ചൈനീസ് ഭാഷയായ മന്ദാരിൻ ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യുകയായിരുന്നു പരിഭാഷകരുടെ ജോലി. ഇന്ത്യക്കാരുടെ രേഖകൾ ഉപയോഗിച്ചായിരുന്നു ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നത്.
പ്രതികളായ ചൈനക്കാരാണ് 'കീപ്ഷെയർ' ആപ്പിന്‍റെ പേരിൽ മൊബൈൽ ആപ്പുകൾ ഉണ്ടാക്കിയിരുന്നത്. ഇത് ഉപയോഗിച്ച് വാട്സ്ആപ്പിലൂെടയും ടെലിഗ്രാമിലൂടെയും യുവാക്കൾക്ക് പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി.
ഈ ആപ്പുകൾ മറ്റൊരു നിക്ഷേപ ആപ്പുമായി ബന്ധിപ്പിച്ചിരുന്നു. ആപ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് യുവാക്കളിൽനിന്ന് ഈടാക്കിയിരുന്ന പണം നിക്ഷേപ ആപ്പിലായിരുന്നു എത്തിയിരുന്നത്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന്‍റെ പേരിലും പണം ഇൗടാക്കി കബളിപ്പിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഇത്തരത്തിൽ തട്ടുന്ന പണം ബംഗളൂരുവിലെ ചില കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലും പിന്നീട് ക്രിപ്റ്റോ കറൻസിയായും മാറ്റും. പിന്നീട് ഇവ ചൈന ആസ്ഥാനമായ ക്രിപ്റ്റോ എക്സ്ചേഞ്ചസ് സ്ഥാപനത്തിലേക്ക് കൈമാറും.
ആകെ 92 പ്രതികളാണുള്ളതെന്ന് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഇതിൽ ആറുപേർ ചൈനീസ്, തായ്വാൻ പൗരന്മാരാണ്. ഇവരായിരുന്നു മൊത്തം തട്ടിപ്പും ആസൂത്രണം ചെയ്തിരുന്നതും ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.