പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണം; ഏകാംഗ കമീഷനെ ഉടൻ നിയമിക്കും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തര സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏകാംഗ കമീഷനെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തര സംവരണം നടപ്പാക്കാൻ കഴിഞ്ഞ ദിവസം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. ആഭ്യന്തര സംവരണം നൽകാൻ തത്ത്വത്തിൽ തീരുമാനമായതായും റിട്ടയേഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ കമീഷൻ രൂപവത്കരിച്ച് മൂന്നു മാസത്തിനകം അദ്ദേഹം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ അയച്ച നിയമന ഉത്തരവുകളിൽ ഇത് ബാധകമാവില്ലെന്നും പുതിയ നിയമന ഉത്തരവുകൾ ഇക്കാര്യത്തിൽ തീരുമാനമായതിനുശേഷം അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
പട്ടികജാതി സംവരണം സംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിയെ തുടർന്നാണ് പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തര സംവരണത്തിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ അനുമതി നൽകിയത്. എസ്.സി വിഭാഗത്തിലെ ഉപജാതികൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് അർഹമായ വിഹിതം സംവരണം ചെയ്യാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി.
കർണാടകയിൽ 17 ശതമാനം സംവരണമാണ് പട്ടികജാതിക്കാർക്ക് അനുവദിച്ചിട്ടുള്ളത്. പട്ടികജാതിക്കാർക്കിടയിലെ സംവരണത്തിന്റെ ആനുകൂല്യം ഏതാനും ചില സമുദായങ്ങൾക്ക് മാത്രമാണ് കാര്യമായി ഉപകാരപ്പെടുന്നതെന്ന് എസ്.സി ലെഫ്റ്റ് വിഭാഗങ്ങളടക്കം ആരോപണമുയർത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കർണാടകയിലെ ബി.ജെ.പി സർക്കാർ പട്ടികജാതിക്കാർക്കിടയിൽ സംവരണത്തിന് നിർദേശവുമായി കേന്ദ്ര സർക്കാറിന് കത്തുനൽകിയിരുന്നു.
എസ്.സി ലെഫ്റ്റ്- ആറു ശതമാനം, എസ്.സി റൈറ്റ്- 5.5 ശതമാനം, ബഞ്ജാര, ബോവി, കോർച്ച, കുറുമ തുടങ്ങിയ സമുദായങ്ങൾക്കെല്ലാം 4.5 ശതമാനം, മറ്റു വിഭാഗങ്ങൾക്ക് ഒരു ശതമാനം എന്നിങ്ങനെയായിരുന്നു ബൊമ്മൈ സർക്കാറിന്റെ നിർദേശം. എന്നാൽ, ഇതിന് കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.