സീറ്റ് നിർണയം; വിമത സ്വരത്തിൽ പുകഞ്ഞ് കർണാടക ബി.ജെ.പി
text_fieldsബംഗളൂരു: ലോക്സഭ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി കർണാടക ബി.ജെ.പിയിൽ അസ്വാരസ്യം പുകയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ശേഷം കലഹം പതിവായ പാർട്ടിയിൽ വിമതസ്വരം ഏറുന്നുവെന്നതാണ് പുതിയ സംഭവവികാസങ്ങളിൽ തെളിയുന്നത്. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിനെതിരെ പരസ്യമായി രംഗത്തുവന്ന മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ, മകനെ ഹാവേരിയിൽ ബി.ജെ.പി വിമതനായി മത്സരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി.
മകന് ഹാവേരി മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പാർലമെന്ററി ബോർഡംഗം ബി.എസ്. യെദിയൂരപ്പ ഉറപ്പുനൽകിയിരുന്നതായും എന്നാൽ, സീറ്റ് നൽകാതെ വഞ്ചിച്ചതായും ഈശ്വരപ്പ ആരോപിക്കുന്നു. ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനായി വെള്ളിയാഴ്ച ശിവമൊഗ്ഗയിൽ അദ്ദേഹം അനുയായികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഹാവേരി സീറ്റിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. ഹാവേരിയിലോ ശിവമൊഗ്ഗയിലെ മകനെ മത്സരിപ്പിക്കാനാണ് ഈശ്വരപ്പയുടെ നീക്കം. ഒമ്പത് സിറ്റിങ് എം.പിമാരെ തഴഞ്ഞ് നേതൃത്വം കർണാടകയിലെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു. 28 മണ്ഡലങ്ങളിൽ 20 സീറ്റിലേക്ക് സ്ഥാനാർഥികളെ നിശ്ചയിച്ചപ്പോൾ പല പ്രമുഖരെയും തഴഞ്ഞു. ബംഗളൂരു നോർത്ത് എം.പിയും മുൻ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, പാർട്ടി മുൻ കർണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എം.പിയുമായ നളിൻ കുമാർ കട്ടീൽ, പാർലമെന്റ് ആക്രമണ കേസിലെ പ്രതികൾക്ക് പാസ് സംഘടിപ്പിച്ചു നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ തുടങ്ങിയവരെയാണ് തഴഞ്ഞത്. മൈസൂരു രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിനാണ് മൈസൂർ മണ്ഡലത്തിൽ നിയോഗം.
ആഡംബര ജീവിതം നയിക്കുന്നവർ ജനങ്ങളുടെ അഭിലാഷങ്ങൾക്കായി താഴെയിറങ്ങുന്നതിനെ നമ്മൾ സ്വാഗതം ചെയ്യണമെന്ന പരിഹാസമാണ് യദുവീറിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള പ്രതാപ് സിംഹയുടെ പ്രതികരണം. തന്നെ തഴഞ്ഞ പാർട്ടി തീരുമാനം വോട്ടിൽ പ്രതിഫലിക്കുമെന്ന് സദാനന്ദ ഗൗഡ മുന്നറിയിപ്പ് നൽകി. കർണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ വൊക്കലിഗരിൽനിന്നുള്ള മുതിർന്ന നേതാവാണ് സദാനന്ദ ഗൗഡ. 12 ജില്ലകളിൽ നിർണായക സ്വാധീനമുള്ള വോട്ടുബാങ്കാണ് വൊക്കലിഗർ.
ഉഡുപ്പി-ചിക്കമഗളൂരു സീറ്റിൽനിന്ന് ശോഭ കരന്ത്ലാജെയെ പുറത്തുചാടിക്കാൻ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി അടക്കമുള്ള നേതാക്കൾ നടത്തിയ നീക്കവും ഫലംകണ്ടു.
ശോഭക്കെതിരെ പാർട്ടി അണികൾ തെരുവിലിറങ്ങിയിരുന്നു. മണ്ഡലം മാറിയെങ്കിലും സദാനന്ദ ഗൗഡയുടെ സീറ്റിലേക്ക് മറ്റൊരു വൊക്കലിഗ നേതാവായ ശോഭയെ സുരക്ഷിതമായി ഇരുത്താൻ യെദിയൂരപ്പ ചരടുവലിച്ചു. സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ എതിർപ്പ് മറികടന്ന് ഹാവേരിയിൽ ബൊമ്മൈക്കും ചാമരാജ് നഗറിൽ ബൽരാജിനും സീറ്റുറപ്പിച്ചതും യെദിയൂരപ്പയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.