സബർബൻ റെയിൽ രണ്ടാംഘട്ടം പുരോഗമിക്കുന്നു
text_fieldsബംഗളൂരു: സബർബൻ റെയിലിന്റെ രണ്ടാംഘട്ട പാതയുടെ നിർമാണപ്രവർത്തന നടപടികൾ പുരോഗമിക്കുന്നു. ഇതിനായുള്ള ടെൻഡർ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസസ് (കെ-റൈഡ്) ക്ഷണിച്ചു. ഹീലലിഗെക്കും രാജനകുണ്ഡെക്കുമിടയിലെ 46.24 കിലോമീറ്റർ പാതയുടെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുക. ബംഗളൂരുവിനെ റെയിൽവേ ലൈൻവഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് സബർബൻ റെയിൽപദ്ധതി. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്ഗേജ് ട്രാക്കായിരിക്കും സ്ഥാപിക്കുക. ഹീലലിഗെ-രാജനകുണ്ഡെ പാതയിൽ 19 സ്റ്റേഷനുകളുണ്ടാകും. രാജനകുണ്ഡെ, മുദ്ദെനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗെനഹള്ളി, കഗ്ഗദാസപുര, മാറത്തഹള്ളി, ബെലന്ദൂർ റോഡ്, കർമലാരം, അംബേദ്കർ നഗർ, ഹസ്കൂർ, സിംഗാര അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാകും സ്റ്റേഷനുകൾ.
കർണാടക സർക്കാറിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെ റൈഡ് ആണ് നഗരത്തിൽ 148 കിലോമീറ്റർ സബർബൻ റെയിൽപദ്ധതി പൂർത്തിയാക്കുന്നത്. 15,767 കോടി രൂപയാണ് ആകെ ചെലവ്. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും 20 ശതമാനം വീതം വഹിക്കും.
സബർബൻ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആർ. ബംഗളൂരു - ദേവനഹള്ളി (41 കിലോമീറ്റർ), ബൈയപ്പനഹള്ളി - ചിക്കബാനവാര (25.14 കിലോമീറ്റർ), കെങ്കേരി - വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ - രാജൻകുണ്ഡെ (46.24 കിലോമീറ്റർ) എന്നിവയാണ് ഇടനാഴികൾ. ബൈയപ്പനഹള്ളിക്കും ചിക്കബാനവാരക്കുമിടയിലുള്ള 25.14 കിലോമീറ്റർ പാതയുടെ ടെൻഡർ നേരത്തേ ക്ഷണിച്ചിരുന്നു. ലാർസൻ ആൻഡ് ടൂബ്രോ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. നിർമാണപ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ 157 ഏക്കർ സ്ഥലം കെ റൈഡിന് കൈമാറി. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഭൂമികൈമാറ്റം നടക്കാത്തതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ച വേഗതയുണ്ടായില്ല. ഇനി കെ.എസ്.ആർ. ബംഗളൂരു- ദേവനഹള്ളി, കെങ്കേരി- കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാതകൾക്കുള്ള ടെൻഡർ നടപടികളും നടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.