ഗെയിം സോണുകളിൽ സുരക്ഷ ശക്തമാക്കും
text_fieldsബംഗളൂരു: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ 33 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിലെ ഗെയിം സോണുകളിൽ സുരക്ഷ ശക്തമാക്കുന്നു.
നഗരത്തിലെ എല്ലാ ഗെയിം സോണുകളിലും ജാഗ്രത പാലിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി. ഇതുസംബന്ധിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കമീഷണർ തുഷാർ ഗിരിനാഥിന് ശിവകുമാർ കത്തെഴുതി.
അഗ്നി ദുരന്തങ്ങൾ തടയുന്നതിന് ബംഗളൂരുവിലെ ഷോപ്പിങ് മാളുകൾ, ഗെയിമിങ് കേന്ദ്രങ്ങൾ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ഉചിതമായ സുരക്ഷ നടപടികളും മുൻകരുതലുകളും പാലിക്കണമെന്ന് കത്തിൽ വ്യക്തമാക്കി. നിശ്ചിത ഇടവേളകളിൽ ഗെയിമിങ് കേന്ദ്രങ്ങളിൽ സുരക്ഷ പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ ഗെയിമിങ് സെന്ററുകളുണ്ട്. അവധിക്കാലം തീരാൻ പോകുന്നതിനാൽ കുട്ടികളുൾപ്പെടെ ഒട്ടേറെയാളുകളാണ് ഗെയിമിങ് കേന്ദ്രങ്ങളിൽ എത്തുന്നത്. വാരാന്ത്യങ്ങളിൽ ഗെയിമിങ് കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സ്ഥലങ്ങളിലെ സുരക്ഷ നടപടികൾ വിലയിരുത്താനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഗെയിമിങ് കേന്ദ്രങ്ങളിൽ എത്തുന്നത് കൂടുതലും കുട്ടികളായതിനാൽ അപകടമുണ്ടായാൽ ദുരന്ത വ്യാപ്തി വലുതായിരിക്കും. അതിനാലാണ് സുരക്ഷാ മുൻ കരുതലുകൾ ശക്തമാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത ഗെയിം സോണുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ച് അഗ്നമിശമന സേനക്കും പൊലീസിനും പ്രത്യേക നിർദേശങ്ങൾ നൽകും.
നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ടായിരുന്നു തീപിടിത്തമുണ്ടായത്. ഗെയിമിങ്ങിനായി നിർമിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.