കേന്ദ്രത്തെയും മോദിയെയും വിമർശിച്ച് നാടകം സ്കൂളിനെതിരായ രാജ്യദ്രോഹ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരെ കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി മോദിയെയും വിമർശിക്കുന്ന നാടകം കളിച്ചതിന് കർണാടകയിലെ സ്കൂളിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് ഹൈകോടതി റദ്ദാക്കി. ബിദർ ജില്ലയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനമായ ഷഹീൻ സ്കൂളിൽ 2020ലാണ് നാല്, അഞ്ച്, ആറ് ക്ലാസ് വിദ്യാർഥികൾ ആക്ഷേപഹാസ്യ രൂപത്തിലുള്ള നാടകം കളിച്ചത്. പൗരത്വനിയമ ഭേദഗതി(സി.എ.എ)ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരെയായിരുന്നു നാടകം. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതാവായ നീലേഷ് രക്ഷ്യാല നൽകിയ പരാതിയിൽ ബിദർ ന്യൂ ടൗൺ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളായ അലാവുദ്ദീൻ അടക്കമുള്ള നാലുപേർക്കെതിരെയായിരുന്നു കേസ്.
ഇതിനെതിരെ ഷഹീൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജ്മെന്റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സ്കൂളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ അമിത് കുമാർ ദേശ്പാണ്ഡേയുടെ വാദങ്ങൾ അംഗീകരിച്ച ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ദ് ചന്ദൻ ഗൗഡർ രാജ്യദ്രോഹ കുറ്റം റദ്ദാക്കി ഉത്തരവിട്ടു.
തുടക്കം മുതൽ കേസിലുള്ള പൊലീസ് നടപടി വിവേചനപരമായിരുന്നു. നിരന്തരം ക്ലാസ്മുറികളിലെത്തി ഒമ്പതുവയസ്സുമാത്രം പ്രായമുള്ള വിദ്യാർഥികളെയടക്കം സായുധസേനാംഗങ്ങളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു.
നാലാംക്ലാസ് വിദ്യാർഥിയും ഒമ്പതുവയസ്സുകാരിയുമായ ആയിഷയുടെ മാതാവ് നസ്ബുന്നിസ, പ്രധാനാധ്യാപിക ഫരീദ ബീഗം എന്നിവരെ 2020 ജനുവരി 30ന് അറസ്റ്റ് ചെയ്തു. നാടകത്തിൽ ആയിഷ പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രി മോദിയെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇവരെ ഫെബ്രുവരി 14നാണ് സെഷൻസ് കോടതി മോചിപ്പിച്ചത്.
വിദ്യാർഥികളെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുന്ന നടപടികളാണ് പൊലീസ് നടത്തുന്നതെന്നും ഇടക്കിടെ പൊലീസ് സ്കൂളിൽ എത്തുകയാണെന്നും മാനേജ്മെന്റ് ആരോപിച്ചിരുന്നു. പൊലീസ് നിയമം ലംഘിക്കുകയാണെന്നും സ്കൂളിൽ ഭയസാഹചര്യം സൃഷ്ടിക്കുകയാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന കമീഷൻ കുറ്റപ്പെടുത്തിയതോടെയാണ് ക്ലാസ് മുറിയിൽ എത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യൽ നിർത്തിയത്.
2015ലെ ജുവൈനൽ ജസ്റ്റിസ് നിയമം, കുട്ടികളുടെ അവകാശങ്ങൾ എന്നിവ പൊലീസ് ലംഘിച്ചുവെന്ന് 2021 ആഗസ്റ്റിൽ ഹൈകോടതിയും കുറ്റപ്പെടുത്തി. ചോദ്യം ചെയ്യുമ്പോൾ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക മാർഗനിർദേശങ്ങൾ രൂപവത്കരിക്കണമെന്ന് കർണാടക സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുദിഗരെ മണ്ഡലം എം.എൽ.എയായ നയന ജ്യോതി ജവാർ നൽകിയ പരാതിയും കേസിൽ നിർണായകമായി. 85ഓളം വിദ്യാർഥികൾ പൊലീസിന്റെ നടപടികളിൽ കടുത്ത മാനസിക പ്രശ്നങ്ങളിൽ അകപ്പെട്ടുവെന്ന ഈ പരാതിയും കോടതി പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.