രാഷ്ട്രീയ നോവലുകൾ മനുഷ്യനോവിനെ പകർത്തുന്ന അക്ഷരകല -സെമിനാർ
text_fieldsബംഗളൂരു: നോവുകളിൽനിന്ന് എതിർപ്പിന്റെ നാവുകളുയർത്തി സത്യാനന്തര പൊതുബോധത്തെ പ്രതിരോധിക്കുന്ന രചനാവഴിയാണ് രാഷ്ട്രീയ നോവലുകളുടെ കലയെന്ന് സാഹിത്യ നിരൂപകൻ കെ.പി. അജിത് കുമാർ അഭിപ്രായപ്പെട്ടു.
ജീവിതമൂല്യങ്ങളെ നിരാകരിക്കുന്ന ഫാഷിസ്റ്റ് സമഗ്രാധിപത്യകാലത്ത് മാനുഷികതയിൽനിന്നുള്ള പിൻനടത്തത്തെ തിരിച്ചറിഞ്ഞ് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്ന അക്ഷരദൗത്യമാണ് ‘വ്യൂൽപരിണാമം’ എന്ന കൃതി നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ ബിലഹരി രചിച്ച ഈ നോവലിനെ ആസ്പദമാക്കി ‘രാഷ്ട്രീയ നോവലുകളുടെ കല’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അജിത്കുമാർ.
സത്തപരമായി ഉയരം കുറയുന്ന മനുഷ്യരിലേക്കുള്ള പ്രയാണമായി അനുഭവപ്പെടുന്ന സത്യാനന്തര കാലത്തെ തുറന്നുകാട്ടുകയാണ് വ്യൂൽപരിണാമം എന്ന കൃതി ചെയ്യുന്നതെന്ന് പ്രമുഖ കലാചിന്തകനും കേന്ദ്ര ലളിതകല അക്കാദമി മുൻ അംഗവുമായ എം. രാമചന്ദ്രൻ അനുബന്ധ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷതവഹിച്ചു.കെ.ആർ. കിഷോർ, അഖിൽ ജോസ്, കവി രാജൻ കൈലാസ്, ഡോ. സുഷ്മ ശങ്കർ, രഞ്ജിത്ത്, എ.കെ. മൊയ്തീൻ, പ്രമോദ് വരപ്രത്ത്, ഡെന്നിസ് പോൾ, ബി.എസ്. ഉണ്ണികൃഷ്ണൻ, ലാൽ, ആർ.വി. ആചാരി എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
മനുഷ്യരെ അവരവരിൽനിന്നുതന്നെ ന്യൂനീകരിക്കുകയും അപരസ്നേഹത്തിൽനിന്ന് വിമുക്തരായ കേവലമനുഷ്യരാക്കിയുമാണ് ഫാഷിസ്റ്റ് അധികാരം അതിന്റെ വിധേയസമൂഹത്തെ നിർമിക്കുന്നത്. മനുഷ്യസത്തയിൽനിന്നുള്ള ഈ വിടുതൽ നിർമിക്കുന്ന നോവുകളാണ് തന്റെ കൃതിയുടെ പ്രചോദനമെന്ന് മറുപടി പ്രസംഗത്തിൽ നോവലിസ്റ്റ് ബിലഹരി പറഞ്ഞു.
ഹസീന ഷിയാസ്, എം.എ. മജീദ് എന്നിവർ പ്രഭാഷകരെ പരിചയപ്പെടുത്തി.
സ്മിത വത്സല, ഗീത നാരായണൻ, പ്രമിത കുഞ്ഞപ്പൻ, വിജി, അനിത മധു എന്നിവർ നവോത്ഥാന കാവ്യാലാപനത്തിൽ പങ്കെടുത്തു. സുദേവൻ പുത്തൻചിറ സ്വാഗതവും പ്രദീപ് പി.പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.