അണുബാധ; ബന്നാർഘട്ട മൃഗശാലയിൽ ഏഴ് പുലിക്കുഞ്ഞുങ്ങൾ ചത്തു
text_fieldsബംഗളൂരു: അണുബാധയെ തുടർന്ന് ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ മൃഗശാലയിലെ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ചത്തു.
ഫീലൈൻ പൻലെകപീനിയ (എഫ്.പി) എന്ന സാംക്രമിക രോഗമാണ് ഇവക്ക് ബാധിച്ചത്. ഫീലൈൻ പർവൊ വൈറസ് ആണ് രോഗം പരത്തുന്നത്. രോഗം ഗുരുതരമായതോടെയാണ് പുലിക്കുഞ്ഞുങ്ങൾ ചത്തതെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 22നാണ് ആദ്യം രോഗം കണ്ടത്. രോഗത്തിനെതിരായ കുത്തിവെപ്പ് നൽകിയിരുന്നു.
എന്നാൽ, ചികിത്സക്കിടെ ഏഴും ചാവുകയായിരുന്നു. മൂന്ന് മാസത്തിനും എട്ടു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണിവയെന്ന് പാർക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ എ.വി. സൂര്യ പറഞ്ഞു. രോഗബാധയുണ്ടായി 15 ദിവസങ്ങൾക്കകം തന്നെ ഏഴ് കുഞ്ഞുങ്ങളും ചത്തു.
സഫാരി ഭാഗത്തേക്ക് തുറന്നുവിട്ട ഒമ്പത് കുഞ്ഞുങ്ങളിൽ നാലും രോഗം ബാധിച്ച് ചത്തു. റെസ്ക്യൂ കേന്ദ്രത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു കുഞ്ഞുങ്ങളും ചത്തു.
വൈറസ് ബാധയേൽക്കുന്ന മൃഗങ്ങൾക്ക് കഠിനമായ വയറ്റിളക്കം, ഛർദി, നിർജലീകരണം തുടങ്ങിയവയാണ് ഉണ്ടാവുക. തുടർന്ന് നാലുമുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്നും മറ്റുള്ള മൃഗങ്ങൾക്ക് രോഗബാധയില്ലെന്നും അധികൃതർ പറഞ്ഞു. മൃഗശാലയുടെ എല്ലാഭാഗങ്ങളും വൃത്തിയാക്കി അണുമുക്തമാക്കിയിട്ടുണ്ട്.
മൃഗഡോക്ടർമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.