ശക്തി പദ്ധതിയിൽ ഒരു മാസത്തിനിടെ 16.73 കോടി സൗജന്യ യാത്ര
text_fieldsബംഗളൂരു: ഒരു മാസം പൂർത്തിയാക്കിയ ശക്തി പദ്ധതിയിൽ ഇതുവരെ 16.73 കോടി പേർ സൗജന്യ യാത്ര ഉപയോഗപ്പെടുത്തി. എൻ.ഡബ്ല്യു.കെ.ആർ.ടി.സിയിലാണ് ഏറ്റവും കൂടുതൽ വനിത യാത്രക്കാർ സഞ്ചരിച്ചത്. ജൂൺ 11 മുതലാണ് ശക്തി പദ്ധതി നിലവിൽ വന്നത്. സർക്കാർ നടത്തുന്ന എല്ലാ ട്രാൻസ്പോർട്ട് ബസുകളിലും ഒരു മാസത്തിനിടെ 32.89 കോടി യാത്രക്കാർ സർക്കാർ ബസുകളിൽ യാത്ര ചെയ്തു, അതിൽ 16.73 കോടി സ്ത്രീകളായിരുന്നു.
ഇത് മൊത്തം യാത്രക്കാരുടെ 50.86 ശതമാനമാണ്. കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് സാമൂഹിക ക്ഷേമ പദ്ധതികളിൽ ആദ്യം നടപ്പാക്കിയത് ‘ശക്തി’ പദ്ധതിയാണ്. ജൂൺ 11നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചതിനുശേഷം കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് ജൂലൈ നാലിനാണ്. 1,20,04,725 ആളുകൾ യാത്ര ചെയ്തു, അതിൽ 70,15,397 കോടി സ്ത്രീകളാണ്, ഇത് മൊത്തം യാത്രക്കാരുടെ 58.43 ശതമാനം വരും.
ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) 9.69 കോടി യാത്രക്കാരെ കയറ്റി, അതിൽ 52.52 ശതമാനം സ്ത്രീകളാണ്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) 11.17 കോടി യാത്രക്കാരെ കയറ്റി അയച്ചു, അതിൽ 5.38 കോടി സ്ത്രീകളായിരുന്നു, ഇത് 48.16 ശതമാനമാണ്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ടേഷൻ കോർപറേഷനാണ് (എൻ.ഡബ്ല്യു.ആർ.ടി.സി) ഏറ്റവും കൂടുതൽ സ്ത്രീ യാത്രക്കാർ, 55.53 ശതമാനം.
അതേസമയം, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലാണ് ഏറ്റവും കുറവ് സ്ത്രീ യാത്രക്കാർ രേഖപ്പെടുത്തിയത്, 46.75 ശതമാനം. വനിത യാത്രക്കാരുടെ ടിക്കറ്റ് മൂല്യം കെ.എസ്.ആർ.ടി.സിയിൽ 151.25 കോടിയും എൻ.ഡബ്ല്യു.കെ.ആർ.ടി.സി 103.51 കോടിയും കെ.കെ.ആർ.ടി.സി 77.62 കോടിയും ബി.എം.ടി.സി 69.56 കോടിയുമാണ്. ഈ മാസത്തെ ‘ശക്തി’ പദ്ധതിയുടെ ആകെ ചെലവ് 401.94 കോടിയാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മൊത്തം 3,147 അധിക ട്രിപ്പുകൾ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.