ശക്തി പദ്ധതി ടാക്സികളെ നഷ്ടത്തിലാക്കിയെന്ന്; 27ന് ബന്ദിന് ആഹ്വാനം
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായ ശക്തിപദ്ധതി സ്വകാര്യ ടാക്സി വാഹനങ്ങളെ സാമ്പത്തിക നഷ്ടത്തിലാക്കിയതായി പരാതി. വനിതകൾക്ക് സൗജന്യമായി കർണാടക ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര ചെയ്യാവുന്ന ശക്തിപദ്ധതി നിലവില്‍ വന്നതിനുശേഷം സാമ്പത്തിക നഷ്ടം നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു ദിവസം സർവിസ് നിര്‍ത്തിവെക്കാനാണ് ഈ മേഖലയിലെ 20 സംഘടനകളുടെ സംയുക്ത തീരുമാനം. ഇതുപ്രകാരം, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി യൂനിയനുകള്‍ ജൂലൈ 27ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തു.
സ്വകാര്യ ബസുകള്‍ക്കാണ് ശക്തിപദ്ധതി മൂലം സാമ്പത്തിക നഷ്ടം കൂടുതലും വന്നതെന്നാണ് ആരോപണം. സര്‍ക്കാര്‍ ബസില്‍ സൗജന്യമായി യാത്ര ചെയ്യാനാണ് സ്ത്രീകള്‍ താൽപര്യപ്പെടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സ്വകാര്യ സംഘടനകള്‍ നേരത്തേ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.
സൗജന്യ യാത്ര പദ്ധതി ഓട്ടോ -ടാക്സി ഡ്രൈവർമാരെയും ബാധിച്ചെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരത്തുക ലഭിക്കണമെന്നും ബൈക് ടാക്സി നിരോധിക്കണമെന്നും അവര്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.വിവിധ ട്രാന്‍സ്പോര്‍ട്ട് യൂനിയനുകളുടെ യോഗത്തിനുശേഷം ബന്ദിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ജൂണ്‍ 11ന് ആരംഭിച്ച ശക്തിപദ്ധതി 10 കോടിയിലധികം തവണ സ്ത്രീകൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.