ബി.ജെ.പിയുടേത് നാണംകെട്ട രാഷ്ട്രീയം -സിദ്ധരാമയ്യ
text_fieldsബംഗളൂരു: ബെളഗാവി വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബി.ജെ.പി ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നിരവധി അക്രമങ്ങളാണ് കർണാടകയിൽ നടന്നത്. എന്നാൽ, ഇതെല്ലാം മറന്നാണ് നഡ്ഡ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത്. വീട്ടമ്മക്കു നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. എന്നാൽ, രാഷ്ട്രീയ ആയുധമാക്കാൻ ഇതിനെ ചൂഷണം ചെയ്യുന്ന ബി.ജെ.പി നിലപാട് നാണംകെട്ടതാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രിയും വനിത ശിശുക്ഷേമ മന്ത്രിയും അതിജീവിതയെ ആശുപത്രിയിൽ സന്ദർശിച്ചതും നഷ്ടപരിഹാരം പ്രഖ്യാപിച്ചതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. അന്വേഷണം ഞാൻ നേരിട്ടുതന്നെ നിരീക്ഷിക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി തന്നെ സർക്കാർ സ്വീകരിക്കും -അദ്ദേഹം വ്യക്തമാക്കി.
ദേശീയ ക്രൈം റിപ്പോർട്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ കണക്കുപ്രകാരം, 2002ൽ ബി.ജെ.പി ഭരണകാലത്ത് കർണാടകയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 17,813 കേസാണ് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് 14,468 കേസായിരുന്നു. അപ്പോഴൊക്കെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എവിടെയായിരുന്നു? അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നോ? ബി.ജെ.പി സർക്കാറിന് കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് അദ്ദേഹം കണ്ടിരുന്നില്ലേ? ബി.ജെ.പി സ്ത്രീവിരുദ്ധമാണെന്ന് ഈ കണക്കുകൾ തന്നെ തെളിയിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
മണിപ്പൂർ മുതൽ ഗുജറാത്ത് വരെ, ഉത്തർ പ്രദേശ് മുതൽ മുതൽ മധ്യപ്രദേശ് വരെ എവിടെയെല്ലാം ബി.ജെ.പി സർക്കാറുണ്ടോ അവിടെയെല്ലാം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് എൻ.സി.ആർ.ബി ഡേറ്റ വെളിപ്പെടുത്തുന്നത്. കർണാടക ബി.ജെ.പി നേതാക്കൾക്കിടയിൽ തമ്മിലടിയാണ് നടക്കുന്നത്. പരസ്പരം ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നത്. ഇത് അന്വേഷിക്കാനാണ് വസ്തുതാന്വേഷണ സംഘത്തെ അയക്കേണ്ടതെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.