മണ്ണിടിയാൻ കാരണം കുന്ന് കീറിയതിലെ അശാസ്ത്രീയത -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ദേശീയ പാത വികസനത്തിന് കുന്ന് കീറിയതിലെ അശാസ്ത്രീയതയാണ് ശിരാദി ചുരത്തിൽ മണ്ണിടിയാൻ കാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ മാസം ചുമതലയേറ്റ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനൊപ്പം ശിരാദി ചുരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊണ്ണൂറ് ഡിഗ്രിയിൽ കുത്തനെയാണ് ദേശീയ പാത അതോറിറ്റി കുന്ന് കീറിയത്.
45 ഡിഗ്രിയിലെങ്കിലും ചരിച്ച് കീറുന്നതാണ് ശാസ്ത്രീയം. ഇതായിരുന്നു നേരത്തെ അവലംബിച്ചുപോന്നതെന്ന് മുഖ്യമന്ത്രി തുടർന്നു.മണ്ണ് പരിശോധന നടത്തി സുരക്ഷ സംവിധാനം ഒരുക്കാതെയാണ് ശിരാദി ചുരം ദേശീയ പാതയിൽ 35 കിലോമീറ്റർ പൂർത്തിയാക്കിയതെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. 45 കിലോമീറ്റർ പാതയിലാണ് ഇത്രയും പൂർത്തിയാക്കിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഇതുസംബന്ധിച്ച് കത്തെഴുതാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ശിരാദി ചുരം പാത ഇടിഞ്ഞതിനാൽ ഈ വഴിയുള്ള ബംഗളൂരു-മംഗളൂരു വാഹന ഗതാഗതം പൂർണമായി മുടങ്ങിയിരിക്കുകയാണ്. ഉത്തര കന്നട ജില്ലയിൽ ഷിരൂർ അംഗോലയിൽ 10 പേർ മരിക്കുകയും മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതാവുകയും ചെയ്ത മണ്ണിടിച്ചിലിനും കാരണം ശിരാദി സമാന കുന്ന് കീറലാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.