കനത്ത മഴയിൽ ഗംഗാവാലി നദി കലങ്ങുന്നു; ഷിരൂർ തിരച്ചിൽ ദൗത്യത്തിന് വീണ്ടും പ്രഹരം
text_fieldsമംഗളൂരു: ഷിരൂർ ദൗത്യം മൂന്നാം ഘട്ടത്തിനും പ്രഹരമായി മഴ. ചൊവ്വാഴ്ച മഴയത്തും തിരച്ചിൽ തുടർന്നെങ്കിലും ഗംഗാവാലി നദി കലങ്ങുന്നതിനാൽ ആശാവഹമായി ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച ഉത്തര കന്നട ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ തിരച്ചിൽ അസാധ്യമാവും. വ്യാഴാഴ്ച ഓറഞ്ച് അലെർട്ടാണ്. നേരത്തേ കനത്ത മഴ സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥ കാരണമാണ് രണ്ടു ഘട്ടം തിരച്ചിലുകൾ നിർത്തിയത്. എന്നാൽ, മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുമെന്ന് സതീഷ് സെയിൽ എം.എൽ.എ അറിയിച്ചു.
ചൊവ്വാഴ്ച റിട്ട. മേജർ ജനറൽ ഇന്ദ്രപാലൻ ഡ്രഡ്ജിങ് കമ്പനി പ്രവർത്തകർക്ക് ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ പോയന്‍റുകൾ അടയാളപ്പെടുത്തി നൽകി. കമ്പനി മുങ്ങൽ വിദഗ്ധർക്ക് ആവശ്യമായ സഹകരണങ്ങൾ നൽകി നാവികസേന പിന്മാറി. ജില്ല ഭരണകൂടം ആവശ്യപ്പെട്ടാൽ സേന ഷിരൂരിലെത്തുമെന്ന് അറിയിച്ചു. തിരച്ചിലിൽ കണ്ടെത്തിയ ലൈറ്റ് റിഫ്ലക്ടർ അർജുൻ ഓടിച്ച ലോറി കണ്ടെത്താനാവും എന്നതിന്റെ സൂചനയായി ദൗത്യസംഘം കാണുന്നു. ഇത് ടാങ്കർ ലോറിയുടെ ഭാഗമല്ല. അർജുൻ ഓടിച്ച ലോറിയിൽ ലോഡ് ചെയ്തവയിൽ ഏതാനും അക്കേഷ്യ മരത്തടികൾ, കെട്ടാൻ ഉപയോഗിച്ച കയർ എന്നിവയാണ് പ്രതീക്ഷ നൽകുന്ന മറ്റു കണ്ടെത്തലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.