മുഖം മിനുക്കി ശിവാജി നഗർ
text_fieldsബംഗളൂരു: മുഖംമിനുക്കിയ ശിവാജിനഗർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ജനപ്രിയ കെട്ടിടങ്ങളും സ്ഥലങ്ങളും സ്മാർട്ട് സിറ്റി ബംഗളൂരു പദ്ധതിയുടെ ഭാഗമായാണ് മുഖഛായ മാറ്റുന്നത്. പ്രവൃത്തികൾ 70 ശതമാനവും പൂർത്തിയായി. ജനുവരി 15ന് സംക്രാന്തി സമ്മാനമായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
ശിവാജിനഗറിലെ ബ്രോഡ്വേ റോഡ്, റിച്ചാർഡ് സ്ക്വയർ, മീനാക്ഷി കോവിൽ സ്ട്രീറ്റ്, റസ്സൽ മാർക്കറ്റ്, സെന്‍റ് മേരീസ് പള്ളിക്ക് എതിർഭാഗത്തുള്ള നൂറ്റാണ്ട് പഴക്കമുള്ള കിണർ (റാബു കി ബൗദി), ബീഫ് മാർക്കറ്റ് തുടങ്ങി പൗരാണിക സ്ഥലങ്ങൾ അടക്കമാണ് പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾ, അഴുക്കുചാലുകൾ, നടപ്പാതക്കരികിലും മറ്റും കല്ലുവിരിക്കൽ, അലങ്കാരവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് നടത്തിയിരിക്കുന്നത്.
പാർക്കിങ് സൗകര്യം കുറ്റമറ്റതാക്കും. പൂന്തോട്ടവും വെള്ളച്ചാട്ടവുമടക്കമുള്ള ക്ലോക്ക് ടവർ എന്നിവയുമുണ്ട്. ബി.ബി.എം.പി സ്പെഷൽ കമീഷണർ (ഈസ്റ്റ് സോൺ) രവീന്ദ്ര, സോണൽ ജോയന്‍റ് കമീഷണർ ശിൽപ എന്നിവർ കഴിഞ്ഞ ദിവസം പ്രവൃത്തികൾ പരിശോധിച്ചു.
സ്ഥലം എം.എൽ.എ റിസ്വാൻ അർഷദ്, വ്യാപാരി സംഘടനാനേതാക്കൾ തുടങ്ങിയവർ കൂടുതൽ വികസനപ്രവൃത്തികൾ ഇവിടെ നടത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റസൽ മാർക്കറ്റിന്‍റെ മേൽക്കൂര, ശൗചാലയങ്ങൾ തുടങ്ങിയവക്ക് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി നടത്തുമെന്നും അവർ പറഞ്ഞു.
നവീകരണ പ്രവൃത്തികൾക്ക് ആകെ രണ്ട് കോടി രൂപയാണ് ചെലവ്. ജനുവരി 15ഓടെ പുതിയൊരു ശിവാജി നഗർ ജനങ്ങൾക്കായി അവതരിപ്പിക്കുമെന്നും ഇതുവരെയുള്ള പ്രവൃത്തികൾ മികച്ചതാണെന്നും മേൽനോട്ടം വഹിച്ച എം.എൽ.എ റിസ്വാൻ അർഷദ് പറഞ്ഞു.
നിലവിൽ സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ മോശമായ റോഡുകൾ, മാലിന്യം, അഴുക്കുചാൽ നിറഞ്ഞൊഴുകൽ തുടങ്ങിയവ ശിവാജി നഗറിന്റെ പ്രശ്നമാണെന്നും നവീകരണത്തോടെ ഇവ ഇല്ലാതാകുമെന്നും റസൽ മാർക്കറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഇദ്രീസ് ചൗധരി പറഞ്ഞു. അതേസമയം, ശിവാജിനഗറിൽ വാടക അടക്കുന്നതിൽ മുടക്കം വരുത്തിയ വ്യാപാരികൾക്ക് ചുമത്തിയ പിഴ ഒഴിവാക്കണമെന്നും വാടക മാത്രം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കച്ചവടക്കാർ ബി.ബി.എം.പിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.