കേന്ദ്ര ഏജൻസികൾ ഒരു പാർട്ടിക്കുവേണ്ടി പണിയെടുക്കരുത് -മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സി.ബി.ഐ, ആദായനികുതി വകുപ്പ് (ഐ.ടി) പോലുള്ള കേന്ദ്ര ഏജൻസികൾ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ദൗർഭാഗ്യവശാൽ ഈ ഏജൻസികൾ ഒരു പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന അവസ്ഥയാണ് കാണുന്നത്.
ഇത് ശരിയായ ഏർപ്പാടല്ല. മഹർഷി വാൽമീകി എസ്.ടി കോർപറേഷൻ ഫണ്ട് തിരിമറിക്കേസിൽ മുഖമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും പേര് പറയാൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന് കേസിൽ ജാമ്യം നേടി പുറത്തുവന്ന മുൻമന്ത്രി ബി. നാഗേന്ദ്ര ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫണ്ട് തിരിമറിയുമായി സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനും സർക്കാറിനും എന്തു ബന്ധമാണുള്ളതെന്ന് താൻ തിരിച്ചുചോദിച്ചതായി നാഗേന്ദ്ര വെളിപ്പെടുത്തിയിരുന്നു. മൂന്നുമാസമായി ഇ.ഡി തന്നെ ദ്രോഹിക്കുകയായിരുന്നെന്നും കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഇ.ഡി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വാൽമീകി കോർപറേഷൻ അഴിമതിയിൽ ഒരു ബന്ധവുമില്ലാത്ത തന്നെ ഇ.ഡി അപ്രതീക്ഷിതമായി അറസ്റ്റുചെയ്യുകയായിരുന്നു. ബി.ജെ.പി നടത്തിയ ഗൂഢാലോചനയാണിതെന്നും നാഗേന്ദ്ര ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കലിനെതിരായ വകുപ്പു ചുമത്തി ജൂലൈ 12ന് അറസ്റ്റിലായ നാഗേന്ദ്രക്ക് തിങ്കളാഴ്ചയാണ് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
സിദ്ധരാമയ്യ സർക്കാറിൽ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന നാഗേന്ദ്ര ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് രാജിവെച്ചത്.
നാഗേന്ദ്രയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇത്തരം ഗൂഢാലോചനകൾക്കെതിരെ വിധിയെഴുതും. കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. രണ്ടോ മൂന്നോ ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.