ഭരണഘടന മാറ്റമില്ലാതെ തുടരാൻ പൊരുതും -മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsബംഗളൂരു: രാജ്യത്തിന്റെ ഭരണഘടന മാറ്റമില്ലാതെ തുടരാൻ കോൺഗ്രസും സർക്കാറും പൊരുതുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷിക ദിനമായ ചൊവ്വാഴ്ച ബംഗളൂരു വിധാൻ സൗധ അങ്കണത്തിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വിരുദ്ധരാണ് മാറ്റം ആവശ്യപ്പെടുന്നത്. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്നയും ഈയിടെ ഭരണഘടനാ മാറ്റത്തെക്കുറിച്ച് സംസാരിച്ചു. എന്താണ് സ്വാമിയുടെ മനസ്സിൽ എന്നറിയില്ല. 1949 നവംബർ 26ന് കോൺസ്റ്റിറ്റുവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചതുമുതൽ ഓരോ ഇന്ത്യൻ പൗരനും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരണഘടനാനുസൃതമായാണ് പ്രവർത്തിക്കുന്നതും പ്രവർത്തിക്കേണ്ടതും. ഭരണഘടനയുടെ മഹത്വവും ഗൗരവവും ചെറുപ്രായത്തിൽ തന്നെ ഉൾക്കൊള്ളണമെന്ന ഉദ്ദേശ്യത്തിലാണ് എല്ലാ വിദ്യാർഥികൾക്കും ഭരണഘടനയുടെ ആമുഖം വായന കോൺഗ്രസ് സർക്കാർ നിർബന്ധമാക്കിയത്. ഭരണഘടന അനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ വാർത്തെടുക്കുന്നതിന്റെ ആദ്യ ചുവടാണിത്. ബൃഹത്തായ ലിഖിത ഭരണഘടനയുള്ള രാജ്യം എന്നതാണ് ലോകത്ത് ഇന്ത്യയുടെ ഖ്യാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.