മോദി നുണയുടെ വ്യാപാരി -സിദ്ധരാമയ്യ
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ പറയുന്നതിൽ വിദഗ്ധനാണെന്നും കഴിഞ്ഞ 19 വർഷമായി മാർക്കറ്റിൽ നുണ വിറ്റുകൊണ്ടിരിക്കുകയാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കലബുറഗിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക സമുദായത്തിന്റെ സംവരണം മുസ്ലിംകൾക്ക് നൽകിയെന്ന് പറഞ്ഞത് രാഷ്ട്രീയപ്രേരിതമാണ്. വനിത സംവരണത്തെക്കുറിച്ച പ്രസ്താവനയും നിരാശയിൽ നിന്നുണ്ടായതാണ്. ഈ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നതിനെ എന്ത് കാരണത്താലാണ് ബി.ജെ.പി പിന്തുണക്കാത്തത്? സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് സംവരണം നൽകണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. ഇതാണ് മണ്ഡൽ കമീഷനിലും പറയുന്നത്. എന്നാൽ, മോദി സർക്കാർ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുകയാണ് ചെയ്തത്. ബൊമ്മൈ സർക്കാർ അധികാരത്തിലുള്ളപ്പോൾ മതത്തിന്റെ അടിസ്ഥാനത്തിലും സംവരണം നടപ്പാക്കിയിരുന്നു. ഭരണഘടന പറയുന്നത് പ്രകാരമേ കോൺഗ്രസ് സർക്കാർ സംവരണം നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വരൾച്ച മൂലം 18,171 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കേന്ദ്രസർക്കാർ 3454 കോടി മാത്രമാണ് ആകെ അനുവദിച്ചതെന്നും ഇത് സംസ്ഥാനം ചോദിച്ചതിന്റെ നാലിൽ ഒന്ന് പോലും വരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.