യത്നാൽ രേഖകൾ കൈമാറട്ടെയെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പക്കെതിരായ അഴിമതി ആരോപണത്തിൽ ബസനഗൗഡ പാട്ടീൽ യത്നാൽ രേഖകൾ കൈമാറട്ടെയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. യെദിയൂരപ്പക്കെതിരായ അഴിമതി ആരോപണത്തിന് ആധാരമായ രേഖകൾ ജസ്റ്റിസ് നാഗമോഹൻദാസ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ കാലത്തുയർന്ന 40 ശതമാനം കമീഷൻ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുന്നത് ജസ്റ്റിസ് നാഗമോഹൻദാസ് കമ്മിറ്റിയാണ്. ബി.ജെ.പി സർക്കാറിന്റെ കാലത്ത് 40 ശതമാനം കമീഷൻ അഴിമതി ആരോപണം ഉന്നയിച്ച തങ്ങളുടെ വാദത്തെ ബലപ്പെടുത്തുന്നതാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവുകൂടിയായ യത്നാലിന്റെ വെളിപ്പെടുത്തലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
അന്ന് ഞങ്ങൾ അഴിമതി ആരോപണമുന്നയിച്ചപ്പോൾ വിധാൻ സൗധയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മോങ്ങിയ ബി.ജെ.പി നേതാക്കൾ എവിടെ പോയി? യത്നാൽ ഒരു ആരോപണമുന്നയിച്ച് വെറുതെയങ്ങ് പോകരുത്. അഴിമതി തുടച്ചുനീക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരോപണം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തണം. കോവിഡ് കാലത്തെ അഴിമതി സംബന്ധിച്ച മുഴുവൻ വിവരവും ജസ്റ്റിസ് നാഗമോഹൻദാസ് കമ്മിറ്റി മുമ്പാകെ നൽകണം. ബി.എസ്. യെദിയൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്രക്കും മറ്റു ചില ബി.ജെ.പി നേതാക്കൾക്കുമെതിരെ പതിവായി യത്നാൽ അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതിൽ സംസ്ഥാന ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.