സിദ്ധരാമയ്യ, ബൊമ്മൈ, ഷെട്ടാർ... പത്രിക സമർപ്പിച്ച് പ്രമുഖർ
text_fieldsബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാർ തുടങ്ങിയവർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. ഹാവേരിയിലെ ഷിഗ്ഗോൺ മണ്ഡലത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കന്നഡ നടൻ കിച്ച സുദീപ് എന്നിവർക്കൊപ്പമെത്തിയാണ് ബൊമ്മൈ പത്രിക നൽകിയത്. തുടർന്ന് നഗരത്തിൽ വൻ റാലിയും നടത്തി. 2008 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് ബൊമ്മൈ. ഏപ്രിൽ 15ന് മുഹൂർത്ത സമയം നോക്കി അദ്ദേഹം ഒരു സെറ്റ് പത്രിക സമർപ്പിച്ചിരുന്നു.
മൈസൂരുവിലെ വരുണ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യ മകനും സിറ്റിങ് എം.എൽ.എയുമായ യതീന്ദ്രക്കും അണികൾക്കുമൊപ്പമെത്തിയാണ് പത്രിക നൽകിയത്. എട്ടുതവണ നിയമസഭയിലെത്തിയ 75 കാരനായ സിദ്ധരാമയ്യ ഇത് അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചു.
രണ്ടു ദിവസംമുമ്പ് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.ബി. പാട്ടീൽ, ആർ.വി. ദേശ് പാണ്ഡെ എന്നിവർക്കൊപ്പമെത്തിയാണ് ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ പത്രിക നൽകിയത്. അദ്ദേഹത്തിന്റെ പ്രതിയോഗി ബി.ജെ.പി സ്ഥാനാർഥി മഹേഷ് തെങ്കിൻകൈയും മണ്ഡലത്തിൽനിന്ന് പത്രിക സമർപ്പിച്ചു. ശിവമൊഗ്ഗയിലെ ശിക്കാരിപുരയിൽ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര പത്രിക സമർപ്പിച്ചു. മകനോടൊപ്പം യെദിയൂരപ്പയും എത്തിയിരുന്നു. തുടർന്ന് ഇരുവരും റാലിയിൽ പങ്കെടുത്തു. തിങ്കളാഴ്ചയും ഒരു സെറ്റ് പത്രിക വിജയേന്ദ്ര സമർപ്പിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വര തുമകുരുവിലെ കൊരട്ടഗരെയിൽ പത്രിക നൽകി. അനുയായികളുടെ വൻ റാലിയും അരങ്ങേറി.
ബംഗളൂരു സിറ്റി മുൻ പൊലീസ് കമീഷണറും ബി.ജെ.പിയുടെ ചാമരാജ്പേട്ട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഭാസ്കർ റാവു പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ്ങിനൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. മന്ത്രി വി. സുനിൽ കുമാർ (കർക്കല), വി. സോമണ്ണ (ചാമരാജ് നഗർ), എം.എൽ.എ എസ്.ആർ. വിശ്വനാഥ് (യെലഹങ്ക), കോൺഗ്രസ് നേതാക്കളായ പ്രിയ കൃഷ്ണ (ഗോവിന്ദരാജ നഗർ), രഘുനാഥ് നായിഡു (പത്മനാഭ നഗർ) തുടങ്ങിയവരും പത്രിക നൽകി.
ബംഗളൂരു സർവജ്ഞ നഗറിൽനിന്ന് മത്സരിക്കുന്ന മലയാളിയും സിറ്റിങ് എം.എൽ.എയുമായ കെ.ജെ. ജോർജ് കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു. ശാന്തിനഗർ മണ്ഡലത്തിൽനിന്നുള്ള മലയാളി എം.എൽ.എ എൻ.എ. ഹാരിസ് വ്യാഴാഴ്ച പത്രിക സമർപ്പിക്കും. രാവിലെ 10ന് മയോ ഹാളിൽ റിട്ടേണിങ് ഓഫിസർ ഗായത്രി നായക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.
ശാന്തിനഗർ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഇത് നാലാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണെന്നിരിക്കെ ഇന്ന് കൂടുതൽ പേർ പത്രിക സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.