സിദ്ധുവിന്റെ രാഷ്ട്രീയ ബജറ്റ്
text_fieldsബംഗളൂരു: അധികാരത്തിലേറി 50ലധികം ദിവസങ്ങൾ പിന്നിട്ട കർണാടകയിലെ കോൺഗ്രസ് സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചു. മുൻ ബി.ജെ.പി സർക്കാറിന്റെ വിവിധ നയങ്ങൾക്കും തീരുമാനങ്ങൾക്കുമെതിരായ കടന്നാക്രമണം കൂടിയായി ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 2023-2024 ബജറ്റ് അവതരണം. ബജറ്റ് സമ്മേളനം തുടങ്ങിയതുമുതൽ ബി.ജെ.പി സർക്കാർ ഉയർത്തുന്ന പ്രതിഷേധങ്ങൾക്ക് മറുപടി കൂടി നൽകുന്നതായിരുന്നു ബജറ്റ്. സംസ്ഥാന കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ വർഷത്തിൽ 52,000 കോടി രൂപ ചെലവഴിക്കും. വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന ആരോപണം. ഇതോടെ 14 ബജറ്റുകൾ അവതരിപ്പിച്ച റെക്കോഡ് സിദ്ധരാമയ്യക്ക് സ്വന്തമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേയാണ് തൊട്ടുപിറകിൽ, 13 ബജറ്റുകളാണ് ഇദ്ദേഹം അവതരിപ്പിച്ചത്.
3.3 ലക്ഷം കോടിയുടെ ബജറ്റ്
3.3 ലക്ഷം കോടിയുടെ ബജറ്റാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച അവതരിപ്പിച്ചത്. 3,27,747 കോടി രൂപയാണ് ആകെ പ്രതീക്ഷിത ചെലവ്. ഇതിൽ റവന്യൂ ചെലവായ 2,50,933 കോടിയും ഉൾെപ്പടും. 54,374 കോടി രൂപയാണ് പദ്ധതി ചെലവ്. വായ്പാ തിരിച്ചടവിന് 22,441 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
2023-24 എന്ന ഇതേ സാമ്പത്തിക വർഷത്തിൽ തന്നെ കഴിഞ്ഞ ഫെബ്രുവരിയിൽ ബി.ജെ.പി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 3,09,182 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചിരുന്നത്.
അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കായി വർഷം 52,000 കോടി
കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പദ്ധതി നടപ്പാക്കാൻ വർഷത്തിൽ 52,000 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി (അന്നഭാഗ്യ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3,000 രൂപ, ഡിേപ്ലാമക്കാർക്ക് മാസം 1500 രൂപ (യുവനിധി), സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര (ശക്തി) എന്നീ അഞ്ച് പദ്ധതികളായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. അഞ്ചുപദ്ധതികളിലുമായി 1.3 കോടി കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. വിവിധ പദ്ധതികൾ വഴി ഓരോ കുടുംബങ്ങൾക്കും മാസം 4000 മുതൽ 5000 രൂപക്ക് തുല്യമായ സാമ്പത്തിക ആനുകൂല്യമാണ് ലഭിക്കുക.
എ.പി.എം.സി നിയമ ഭേദഗതി പിൻവലിക്കും
അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) നിയമത്തിൽ മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമഭേദഗതി വന്നതോടെ കർഷകരെ പൊതുവിപണയിൽ സ്വകാര്യകച്ചവടക്കാർ ചൂഷണം ചെയ്യുകയാണ്. കർഷകരുടെ ജീവിതം ദുരിതമയമാക്കുന്നതിനാലാണ് ഭേദഗതി പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 167 എ.പി.എം.സികളുടെ 2018-19 വർഷത്തെ ആകെ വരുമാനം 570-600 കോടിയായിരുന്നു. എന്നാൽ നിയമ ഭേദഗതിയോടെ ഇത് 2022-23 കാലത്ത് 193 കോടിയായി കുത്തനെ ഇടിഞ്ഞു. 2020ൽ കേന്ദ്ര സർക്കാർ കാർഷിക ബിൽ അവതരിപ്പിച്ചതിന് ശേഷമാണ് സംസ്ഥാനത്തെ നിയമത്തിൽ അന്നത്തെ ബി.ജെ.പി സർക്കാർ ഭേദഗതി കൊണ്ടുവന്നത്.
ബ്രാൻഡ് ബംഗളൂരുവിന് 45,000 കോടി, മെട്രോക്ക് 30,000
ബംഗളൂരു നഗരത്തിന്റെ വികസന പ്രവൃത്തികൾക്കായും പുതിയ ബംഗളൂരുവിന്റെ പിറവിക്കായുമുള്ള ബ്രാൻഡ് ബംഗളൂരു പദ്ധതിക്കായി ബജറ്റിൽ 45,000 കോടി രൂപ വകയിരുത്തി. ഗതാഗതം, മാലിന്യം ശാസ്ത്രീയമായി ഒഴിവാക്കൽ, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, നഗരവാസികളുടെ സുരക്ഷ, സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാണ് ബ്രാൻഡ് ബംഗളൂരുവിൽ മുൻതൂക്കം നൽകുന്നത്. നമ്മ മെട്രോക്ക് 30,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതടക്കം 45,000 കോടി രൂപയാണ് ബ്രാൻഡ് ബംഗളൂരുവിനായും നഗരത്തിന്റെ വികസന പ്രവൃത്തികൾക്കായും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.