പ്രജ്വലിന്റെ അറസ്റ്റ് എസ്.ഐ.ടി തീരുമാനിക്കും -ആഭ്യന്തര മന്ത്രി
text_fieldsബംഗളൂരു: കൂട്ടലൈംഗിക അതിക്രമ കേസ് പ്രതിയും ഹാസൻ മണ്ഡലം എം.പിയുമായ പ്രജ്വൽ രേവണ്ണയുടെ അറസ്റ്റ് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരക്ക് മൗനം. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിക്കുമെന്ന് അദ്ദേഹം ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ മാസം 31ന് രാവിലെ 10ന് എസ്.ഐ.ടി മുമ്പാകെ ഹാജരാവുമെന്ന് പ്രജ്വൽ വിഡിയോ സന്ദേശത്തിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ അറസ്റ്റ് നടക്കുമോയെന്ന് മാധ്യമപ്രവർത്തകർ ആഭ്യന്തരമന്ത്രിയോട് ആരാഞ്ഞത്. 31ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി പറഞ്ഞു.
പ്രജ്വൽ വന്നില്ലെങ്കിൽ മറ്റു നടപടികളിലേക്ക് കടക്കും. കർണാടക സർക്കാർ കേന്ദ്രത്തിന് കത്തയച്ചു, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്ര വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. വിഡിയോയിൽ പറഞ്ഞതുപോലെ എത്തിയില്ലെങ്കിൽ ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും കണ്ടെത്താൻ ഇന്റർപോൾ സജ്ജമാണെന്നും പരമേശ്വര പറഞ്ഞു.
പ്രജ്വലിന്റെ അറസ്റ്റിനായി നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
ബംഗളൂരു: ലൈംഗികാതിക്രമ കേസ് പ്രതി ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഹാസനിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പീപ്ൾസ് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രാവിലെ 10.30ന് ഹേമാവതി പ്രതിമക്കു മുന്നിൽ റാലിയാരംഭിക്കും. തുടർന്ന് സമ്മേളനം നടത്തുമെന്ന് എഴുത്തുകാരി രൂപ ഹാസൻ, ആക്ടിവിസ്റ്റുകളായ മമത ശിവു, സുവർണ ശിവപ്രസാദ്, ഇന്ദ്രമ്മ, പ്രമീള, ഡോ. ഭാരതി രാജശേഖർ, ഡോ. രംഗലക്ഷ്മി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.പ്രജ്വൽ തന്റെ പദവി ദുരുപയോഗം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും വിഡിയോ ക്ലിപ്പുകൾ രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും രൂപ ഹാസൻ പറഞ്ഞു. വിഡിയോ ചിത്രീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റുചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അശ്ലീല വിഡിയോ വിതരണം ചെയ്ത രണ്ടുപേർ പിടിയിൽ
ജെ.ഡി.എസ്-കോൺഗ്രസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പെൻഡ്രൈവ് വിതരണം ചെയ്ത രണ്ടുപേരെ ചൊവ്വാഴ്ച എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു. കർണാടക ഹൈകോടതിയിലേക്ക് വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.