പുലിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: ചാമരാജ് നഗറിലും മൈസൂരുവിലും പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു. ഇരു സംഭവങ്ങളിലുമായി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചാമരാജനഗർ ഹനുർ കഗ്ഗലഗുണ്ഡി ഗ്രാമത്തിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലയാണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കവെ പെൺകുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 200 മീറ്ററോളം കുട്ടിയുമായി പുലി ഓടി. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി പുലിക്കു പിന്നാലെ പാഞ്ഞു. ഒടുവിൽ ആൾക്കൂട്ടത്തെ കണ്ട് ഭയന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സോളിഗ ആദിവാസി വിഭാഗത്തിൽപെടുന്നതാണ് സുശീലയുടെ കുടുംബം. സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച വനം മന്ത്രി ഈശ്വർ ഖാന്ത്രെ, സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രതിമാസം 4000 രൂപ വീതം നൽകാനും ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.
മൈസൂരു ജില്ലയിൽ ഹുൻസൂർ താലൂക്കിലെ രാമനഹള്ളിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവകർഷകനാണ് പരിക്കേറ്റത്. പരിക്കേറ്റ കുമാര ചരിയെ (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമമേളയിൽ കൂട്ടുകാർക്കൊപ്പമെത്തിയപ്പോഴാണ് യുവാവിനെ പുലി ആക്രമിച്ചത്. സമീപത്തെ മലയിൽനിന്ന് ഗ്രാമത്തിലേക്ക് കടന്ന പുള്ളിപ്പുലി യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ വലത് തോളിനും കാൽമുട്ടുകൾക്കും പരിക്കേറ്റു. ഇയാൾ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി പുലിക്കായി തിരച്ചിൽ ആരംഭിച്ചു. പുലിയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അവശനിലയിലായ പുലിയെ യുവാവ് പിടികൂടി വനംവകുപ്പിന് കൈമാറി
ബംഗളൂരു: കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ പിടികൂടി യുവാവ് വനംവകുപ്പിന് കൈമാറി. അർസികെരെ താലൂക്കിലെ ബാഗിവാലു ഗ്രാമത്തിലാണ് സംഭവം. ഹാസനിലെ വേണുഗോപാൽ (മുത്തു) എന്ന യുവകർഷകനാണ് പുലിയെ പിടികൂടിയത്. യുവാവ് പുലിയെ മോട്ടോർ സൈക്കിളിനു പിന്നിൽ കെട്ടിയിട്ട് കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൃഷിയിടത്തിൽ നടക്കാൻ പോയപ്പോഴാണ് കർഷകൻ പുലിയെ കണ്ടത്. അവശനിലയിൽ കിടക്കുകയായിരുന്ന പുലിയെ കയർ ഉപയോഗിച്ച് പിടികൂടി. ഇതിനിടെ, കൈകൾക്ക് നിസ്സാര പരിക്കേറ്റു. തുടർന്ന് പുലിയെ മോട്ടോർ സൈക്കിളിനു പിന്നിൽ വടികൾ ഉപയോഗിച്ച് കിടത്തി അരസികെരെയിലെ വനംവകുപ്പ് ഓഫിസിൽ എത്തിച്ചു. മൃഗാശുപത്രിയിൽ ചികിത്സയിലുള്ള പുള്ളിപ്പുലി സുഖം പ്രാപിച്ചാൽ വിട്ടയക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.