നഗരത്തിൽ സ്കൈബസ് പദ്ധതി: സാധ്യത പഠന റിപ്പോർട്ട് തേടും - നിതിൻ ഗഡ്കരി
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാൻ സ്കൈ ബസ് പദ്ധതിക്ക് കഴിയുമെന്നും ഇതുസംബന്ധിച്ച സാധ്യതാ പഠന റിപ്പോർട്ട് അന്താരാഷ്ട്ര കമ്പനികളിൽനിന്ന് മൂന്നുമാസത്തിനകം തേടുമെന്നും കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 'മന്ദൻ- ആശയത്തിൽനിന്ന് കർമപഥത്തിലേക്ക്' എന്ന തലക്കെട്ടിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ദ്വിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി ഹബ്ബായ ബംഗളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനാവശ്യമായ പരിഹാരം തേടുകയാണ്. സ്കൈ ബസുകളിൽ ഒരു ലക്ഷം പേരെ യാത്രചെയ്യാൻ സാധിപ്പിച്ചാൽ അത് റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയമാണ് ബംഗളൂരു- മൈസൂരു ഹൈവേയെ തടസ്സപ്പെടുത്തിയത്.
അഞ്ചുവർഷത്തെ ശരാശരി മഴയുടെ കണക്ക് പരിഗണിച്ച് പാത വിഭാവനം ചെയ്യുമെന്നും പണി പൂർത്തിയായാൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം തേടുമെന്നും ഗഡ്കരി പറഞ്ഞു. ഗോരഗുണ്ഡെ പാളയയിൽനിന്നാരംഭിക്കുന്ന ദേശീയപാത വികസിപ്പിക്കുമെന്നും ഈ പാതയിലെ കേബിളുകൾ നീക്കാൻ ഏജൻസിയെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
സാറ്റലൈറ്റ് ടൗൺ റിങ് റോഡ് (എസ്.ടി.ആർ.ആർ) പദ്ധതിക്ക് അനുമതി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മൈസൂരു- ബംഗളൂരു ഹൈവേയിലെ അടിപ്പാതകളിലെ ഡ്രെയിനേജ് സംവിധാനം പുനഃപരിശോധിക്കും. ആവശ്യമെങ്കിൽ അവ വികസിപ്പിക്കും. ദേശീയപാതകളിലെ ഗതാഗതത്തിരക്ക് കൂടിയ ഇടങ്ങളിൽ മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കേണ്ടതുണ്ട്. ആകാശ നടപ്പാതകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്തണം. സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട മിക്ക പദ്ധതികളും അടിയന്തര സ്വഭാവത്തിലാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തതെന്നും ബൊമ്മെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.