ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ കരന്ത്ലാജെ പരിഗണനയിൽ
text_fieldsമംഗളൂരു: വൊക്കലിഗ നേതവായ ശോഭ കരന്ത്ലാജെയെ ബി.ജെ.പി കർണാടക അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വൊക്കലിഗ ബെൽറ്റിൽ അടിതെറ്റിയ ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പിൽ വൊക്കലിഗരിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായാണ് കരന്ത്ലാജെയെ രംഗത്തിറക്കുന്നതെന്നാണ് വിവരം. ജെ.ഡി-എസുമായി സഖ്യം തീരുമാനിച്ചു കഴിഞ്ഞ ബി.ജെ.പിയുടെ മറ്റൊരു വൊക്കലിഗ കാർഡായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ സ്വദേശിനിയും ഉഡുപ്പി-ചിക്കമഗളൂരു എം.പിയുമായ ശോഭ കരന്ത്ലാജെ നിലവിൽ കേന്ദ്രസഹമന്ത്രിയാണ്.
ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ കാലാവധി കഴിഞ്ഞും അധ്യക്ഷ സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് പദവി ഒഴിയാൻ കട്ടീൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും പാർട്ടി കർണാടക അധ്യക്ഷനുമായിരുന്ന ബി.എസ്. യെദിയൂരപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയാണ് ശോഭ അറിയപ്പെടുന്നത്.
അദ്ദേഹം കെ.ജെ.പി രൂപവത്കരിച്ചപ്പോൾ അതിൽ ചേർന്നിരുന്നു. കർണാടകയിലെ ആദ്യ ബി.ജെ.പി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു. വനിതകളുടെ ക്ഷേമത്തിൽ ഊന്നിയുള്ള കോൺഗ്രസ് ഭരണത്തിൽ ശോഭ കരന്ത്ലാജെ പാർട്ടിയെ നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.