ഉഡുപ്പി ‘ഗോ ബാക്ക്’ വിളിച്ച ശോഭ കരന്ത്ലാജെ വീണ്ടും കേന്ദ്രമന്ത്രി
text_fieldsമംഗളൂരു: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ വേളയിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകർ ഗോ ബാക്ക് വിളിച്ച് അകറ്റിയ ശോഭ കരന്ത്ലാജെ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗം. 259476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശോഭ വിജയിച്ചത്. ഉഡുപ്പി-ചിക്കമഗളൂരുവിൽ 349599 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 2019ൽ വിജയിച്ച് കേന്ദ്ര കൃഷി സഹമന്ത്രിയായ ശോഭയെ അണികളുടെ എതിർപ്പ് കാരണം ബംഗളൂരു നോർത്തിൽ സ്ഥാനാർഥിയാക്കുകയായിരുന്നു. കർണാടക തീര ജില്ലകളിൽ വിദ്വേഷ രാഷ്ട്രീയ വിധാതാവായി അറിയപ്പെട്ട ശോഭ സമാന ശൈലിയായിരുന്നു ബംഗളൂരുവിലും പയറ്റിയത്. കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ 2019ൽ നേടിയ 147518 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ ലക്ഷത്തിലേറെ വോട്ടുകൾ നേടുകയും ചെയ്തു.
ബംഗളൂരു കഫെ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴരെ അധിക്ഷേപിച്ചതിന് കരന്ത്ലാജെ തെരഞ്ഞെടുപ്പ് കമീഷനോട് മാപ്പ് പറഞ്ഞിരുന്നു. ബാങ്കുവിളി സമയം ഹനുമാൻ സ്തോത്രം ശബ്ദം കൂട്ടി വെച്ചത് ചോദ്യം ചെയ്ത സംഭവവും അവർ മതവിദ്വേഷ ആയുധമാക്കി. കേരളത്തേയും അവർ അധിക്ഷേപിച്ചു. തീര ജില്ലയിൽ മാപ്പർഹിക്കാത്ത വിദ്വേഷ പ്രചാരണമായിരുന്നു വീണ്ടും മന്ത്രിയായ കരന്ത്ലാജെ ശൈലി.
മുസ്ലിം ജിഹാദികൾ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ പട്ടികയുമായി അവർ ഒന്നാം മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്ത് ഏറെ ചർച്ചയായതാണ്. 2016 സെപ്റ്റംബർ 20ന് ആത്മഹത്യ ചെയ്ത വാമൻ പൂജാരി, സഹോദരി കാവ്യശീ കാമുകൻ ഗൗതമിന് അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി 2016 ഒക്ടോബർ 22ന് വധിച്ച എൻജിനീയർ കാർത്തിക് രാജ് തുടങ്ങിയവരുടെ പേരുകളും മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയവരുടെ പട്ടികയിലാണ് ശോഭ ഉൾപ്പെടുത്തിയത്.
വിദ്വേഷം വിതച്ച് വോട്ടുകൾ കൊയ്ത ശോഭ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. വികസനം മറന്ന വിദ്വേഷ പ്രചാരണം മടുത്ത ബി.ജെ.പി അണികൾ ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തിൽ ശോഭക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, തന്റെ രാഷ്ട്രീയ ശിഷ്യക്ക് ബംഗളൂരു നോർത്ത് സീറ്റ് മുൻ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പ ഉറപ്പാക്കി. ഇപ്പോൾ വീണ്ടും മന്ത്രിപദവിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.