ലഹരിക്കെതിരെ 'സേ നോ ടു ഡ്രഗ്‌സ്' കാമ്പയിനുമായി സോളിഡാരിറ്റി കർണാടക
text_fieldsബംഗളൂരു: ദിനംപ്രതി വർധിച്ചുവരുന്ന മയക്കുമരുന്ന്-മറ്റു ലഹരി ഉപയോഗങ്ങൾക്കെതിരെയും ഇവക്ക് പിന്നിലുള്ള മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ടും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കർണാടക സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്തുന്നു. ഒക്‌ടോബർ 10 മുതൽ നവംബർ 10 വരെയാണ് 'സേ നോ ടു ഡ്രഗ്‌സ്' എന്ന തലക്കെട്ടിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പൊതുജനങ്ങളിൽ ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
യുവതലമുറ ദിനംപ്രതി ലഹരിക്ക് അടിമകളാവുകയാണ്, പ്രത്യേകിച്ച് വിദ്യാർഥികൾ. സംസ്ഥാന ആഭ്യന്തര വകുപ്പുകളുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രതിദിനം ശരാശരി 16 മയക്കുമരുന്ന് കേസുകൾ കർണാടകയിൽ ഉണ്ടാകുന്നുണ്ട്. അതിൽ മയക്കുമരുന്ന് ഉപഭോഗം, കൈവശം വെക്കൽ, ഇടപാട് എന്നിവ ഉൾപ്പെടുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ 16നും 20നും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.
47 ശതമാനം ആളുകൾ സിഗരറ്റ് വലിക്കുന്നു, 20 ശതമാനം യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ഇതിൽ 83 ശതമാനം യുവാക്കൾക്കും ഈ ആസക്തിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അറിയുക പോലുമില്ല എന്നിങ്ങനെയാണ് സർവേയിലെ വിവരങ്ങൾ. സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു.
ഇതിനെതിരെ സർക്കാറും സംഘടനകളും പൊതുജനങ്ങളും ഒന്നിക്കണം. വിദ്യാസമ്പന്നരായ വിഭാഗമാണ് ലഹരിക്ക് അടിമകളാകുന്നതെന്നത് ആശങ്കജനകമാണ്. ഇത്തരം സംഭവങ്ങൾ ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ എല്ലായിടത്തേക്കും വ്യാപിക്കുകയാണ്. കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജനജാഗ്രത പരിപാടി, സ്‌കൂളുകളിലും കോളജുകളിലും പ്രത്യേക പ്രഭാഷണങ്ങൾ, സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണം, സംഘടനകളുടെ സഹകരണത്തോടെയുള്ള സംവാദം, ബോധവത്കരണ ജാഥ, രക്ഷിതാക്കളുടെ ശിൽപശാല, അധ്യാപക ശിൽപശാല, വിദ്യാർഥികൾക്ക് പ്രഭാഷണം, പോസ്റ്റർ വിതരണം തുടങ്ങിയവ നടത്തും. ഡിസംബർ 18ന് ബംഗളൂരുവിൽ 'പ്രതീക്ഷ-പ്രതിരോധം-അന്തസ്സ്' എന്ന പ്രമേയത്തിൽ സംസ്ഥാനതല യുവജന സമ്മേളനവും സംഘടിപ്പിക്കും.
ഈ സമ്മേളനത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹിക സാംസ്കാരിക പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ലബിദ് ഷാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് റിഹാൻ, കാമ്പയിൻ കൺവീനർ മുഹമ്മദ് അഖീൽ എസ്., സോളിഡാരിറ്റി സ്പോർട്സ് ആൻഡ് ഫിറ്റ്നസ് അക്കാദമി കൺവീനർ ഇംതിസ് ബേഗ്, മുഡിയ ഇൻചാർജ് മുഹമ്മദ് നവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.