തുറന്ന ബാലറ്റിൽ വിപ്പ് ക്രോസ് ചെയ്ത് സോമശേഖറിന്റെ മനസ്സാക്ഷി വോട്ട്
text_fieldsബംഗളൂരു: മറുകണ്ടം ചാടാതിരിക്കാൻ സ്വന്തം എം.എൽ.എമാരെ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാർട്ടികൾ തിങ്കളാഴ്ച റിസോർട്ടുകളിൽ പാർപ്പിച്ചിട്ടും ബി.ജെ.പിയുടെ രണ്ടു പേർ വിപ്പുകൾ ലംഘിച്ചു. എ.ഐ.സി.സി ട്രഷറർകൂടിയായ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കന് ക്രോസ് വോട്ട് ചെയ്യാൻ തീരുമാനിച്ചുറച്ചാണ് ബി.ജെ.പി യശ്വന്തപുര എം.എൽ.എ എസ്.ടി. സോമശേഖർ ബാലറ്റ് കൈയിലെടുത്തത്.
ഓപൺ വോട്ട് രീതിയിൽ അദ്ദേഹം ആർക്കാണ് രേഖപ്പെടുത്തിയതെന്ന് ഏജന്റിനെ കാണിച്ചു. ‘എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്തത്’ -പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സോമശേഖർ കഴിഞ്ഞ മന്ത്രിസഭയിൽ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രിയായിരുന്നു. ‘അദ്ദേഹം പാർട്ടിയെ ചതിച്ചു, ആത്മഹത്യാപരം’ -നിയമസഭ പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു.
വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന എല്ലപ്പുർ മണ്ഡലം ബി.ജെ.പി എം.എൽ.എ അർബയിൽ ശിവറാം ഹെബ്ബാർ ചൊവ്വാഴ്ച രാവിലെ പാർട്ടി നേതാക്കളുമായി സംസാരിച്ചപ്പോൾപോലും ഇത്തരം സൂചന നൽകിയില്ലെന്ന് പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. കോൺഗ്രസിൽനിന്ന് ആരും ക്രോസ് വോട്ട് ചെയ്യില്ലെന്ന് തിങ്കളാഴ്ച തറപ്പിച്ചുപറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചിരുന്നു.
കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥികളും ജയിക്കുമെന്ന് ചൊവ്വാഴ്ച വോട്ടെടുപ്പുവേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പിച്ചുപറഞ്ഞു. ഉന്നം തെറ്റാത്ത രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം ആഘോഷിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.