സോണിയ വിഷകന്യയെന്ന് ബി.ജെ.പി എം.എൽ.എ; പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ‘വിഷകന്യ’ എന്ന് വിളിച്ച് കർണാടക ബെളഗാവിയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ നടത്തിയ ‘വിഷപ്പാമ്പ്’ പരാമർശത്തിന് മറുപടിയായാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ യത്നാലിന്റെ പ്രസ്താവന.
ലോകം മുഴുവൻ മോദിയെ അംഗീകരിക്കുന്നുണ്ടെന്നും ഒരിക്കൽ വിസ നിഷേധിച്ച അമേരിക്ക ഇപ്പോൾ അദ്ദേഹത്തിന് മുന്നിൽ ചുവന്ന പരവതാനി വിരിക്കുകയാണെന്നും യത്നാൽ പറഞ്ഞു. കോൺഗ്രസ് അദ്ദേഹത്തെ രാജവെമ്പാലയോട് ഉപമിക്കുകയാണ്. അദ്ദേഹം വിഷം വമിക്കുമെന്ന് പറയുന്നു. സോണിയ ഗാന്ധി വിഷകന്യയല്ലേ? ചൈനയുടെയും പാകിസ്താന്റെയും ഏജന്റായി അവർ പ്രവർത്തിച്ചെന്നും യത്നാൽ ആരോപിച്ചു. കൊപ്പാലിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ഗാന്ധി കുടുംബത്തെ എല്ലാ കാലത്തും അവഹേളിക്കാനാണ് ബി.ജെ.പി ശ്രമിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കിൽ ബസനഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കാൻ ബി.ജെ.പി തയാറാവണമെന്ന് ആവശ്യപ്പെട്ടു.
കർണാടക തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി. മോദിയും ബൊമ്മൈയും സോണിയ ഗാന്ധിയോടും കോൺഗ്രസിനോടും മാപ്പ് പറയണമെന്നും സുർജേവാല ആവശ്യപ്പെട്ടു. യത്നാലിന്റെ പ്രസംഗ വിഡിയോ ടാഗ് ചെയ്ത ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും എന്താണ് മറുപടിയെന്ന് ജനം കേൾക്കാൻ ആഗ്രഹിക്കുന്നതായി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.