വ്യാജ ഇ.ഡി സംഘം കവർച്ച നടത്തിയ വീട് സ്പീക്കർ സന്ദർശിച്ചു
text_fieldsമംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന വ്യാജേന അക്രമികൾ റെയ്ഡ് ചെയ്ത് കവർച്ച നടത്തിയ വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട് ബുധനാഴ്ച കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സന്ദർശിച്ചു. ബണ്ട്വാൾ താലൂക്കിലെ ബൊളന്തുരു നർഷയിലെ ബീഡി വ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിൽനിന്ന് 30 ലക്ഷം രൂപ കവർന്നു എന്നാണ് പരാതി.
കേസ് അന്വേഷണം വേഗത്തിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഹൈടെക് രീതികൾ ഉപയോഗിക്കുന്നുണ്ടെന്ന് മംഗളൂരു എം.എൽ.എയായ ഖാദർ പറഞ്ഞു. സുപ്രധാന വിവരങ്ങൾ ലഭിക്കുന്നതിന് വീട്ടിലെ താമസക്കാരുടെയും അയൽക്കാരുടെയും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം വീട്ടുടമയെ ഓർമിപ്പിച്ചു.ഡിവൈ.എസ്.പി വിജയ് പ്രസാദിന്റെ നേതൃത്വത്തിലുള്ള നാല് ടീമുകൾ കേസ് അന്വേഷിക്കുകയും കേരളത്തിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് ഖാദർ ഉറപ്പു നൽകി. ബണ്ട്വാൾ ജംഇയ്യതുൽ ഫലാഹ് പ്രസിഡന്റ് റാഷിദ് വിട്ല, വിട്ല പൊലീസ് ഇൻസ്പെക്ടർ എച്ച്.ഇ നാഗരാജ്, സബ് ഇൻസ്പെക്ടർ വിദ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.വർഷങ്ങളായി ‘സിങ്കാരി ബീഡീസ്’ കമ്പനിയുടെ ഉടമയായ സുലൈമാന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ആറംഗ സംഘം എത്തിയത്. ഇ.ഡിയിലെ ഉദ്യോഗസ്ഥരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി സുലൈമാന്റെ വീട്ടിൽ മോക്ക് റെയ്ഡ് നടത്തുകയും ബീഡിക്കമ്പനി ഉടമയിൽനിന്ന് വൻതുക കൊള്ളയടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.