എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി; ശിരോവസ്ത്ര വിലക്കില്ല
text_fieldsഎസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാർഥികളെ പരീക്ഷ സെന്ററിന് മുന്നിൽ കണ്ടുമുട്ടിയപ്പോൾ
ബംഗളൂരു: കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷകൾ വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ 2818 കേന്ദ്രങ്ങളിൽ ആരംഭിച്ചു. കന്നട, തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്കൃതം എന്നിവയുൾപ്പെടെ ഒന്നാം ഭാഷ പേപ്പർ ആദ്യ ദിവസം നടന്നു.
കർണാടകയിലെ 15,881 ഹൈസ്കൂളുകളിൽനിന്നായി 4,61,563 ആൺകുട്ടികളും 4,34,884 പെൺകുട്ടികളും ഉൾപ്പെടെ 8,96,447 വിദ്യാർഥികൾ പരീക്ഷ എഴുതി. കോൺഗ്രസ് സർക്കാറിന്റെ ന്യൂനപക്ഷ സുരക്ഷയിൽ മുസ്ലിം വിദ്യാർഥിനികൾക്ക് ശിരോവസ്ത്ര വിലക്കില്ലാതെ പരീക്ഷ എഴുതാനായി.
ക്രമക്കേടുകൾ തടയുന്നതിനായി കെ.എസ്.ഇ.എ.ബി പരീക്ഷ പ്രക്രിയയുടെ വെബ്-സ്ട്രീമിങ് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), മറ്റു പൊതുഗതാഗത ഏജൻസികൾ എന്നിവ പരീക്ഷാകേന്ദ്രങ്ങൾ വരെ വിദ്യാർഥികൾക്ക് സൗജന്യ ബസ് സർവിസ് നൽകുന്നു.
മല്ലേശ്വരത്തെ കർണാടക പബ്ലിക് സ്കൂൾ (കെ.പി.എസ്) പരീക്ഷാകേന്ദ്രം സന്ദർശിച്ച പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വിദ്യാർഥികൾക്ക് സ്വാഗതമോതി റോസാപ്പൂക്കൾ അർപ്പിച്ചു. പരീക്ഷ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഒരുക്കിയ ക്രമീകരണങ്ങളും അദ്ദേഹം പരിശോധിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്തെപ്പോലെ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകില്ലെന്ന് വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷകളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024ൽ ഗ്രേസ് മാർക്ക് നൽകാനുള്ള നീക്കത്തെ താൻ എതിർത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സൗജന്യ ഗതാഗത സൗകര്യം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.