'സ്റ്റാര്‍' പരിശീലന ക്യാമ്പിന് തുടക്കം
text_fieldsബംഗളൂരു: നിംഹാന്‍സ്, ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, പൂക്കോയ തങ്ങള്‍ ഹോസ്പിറ്റൽസ്, ഖാഈദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നിവയുമായി സഹകരിച്ച് നടത്തുന്ന ത്രിദിന സസ്റ്റൈനബ്ള്‍ ട്രെയിനിങ് ഓണ്‍ സൈക്കോസോഷ്യല്‍ കെയര്‍ (സ്റ്റാർ) ക്യാമ്പിന് നിംഹാന്‍സ് ഡോ. എം.വി ഗോവിന്ദസ്വാമി സെന്റര്‍ സെമിനാര്‍ ഹാളിൽ തുടക്കമായി. കോവിഡാനന്തരം വയോജനങ്ങള്‍ നേരിടുന്ന സാമൂഹിക- മാനസിക പ്രശ്നങ്ങള്‍ക്ക് ക്രമാതീതമായ വർധനയുണ്ടായിട്ടുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച ഡോ. ടി. മുരളി പറഞ്ഞു.
അനാവശ്യ ഉത്കണ്ഠ, ഏകാന്തത, മാനസികോല്ലാസം ഇല്ലായ്മ, സാമ്പത്തിക അപര്യാപ്തത, ദൈനംദിനചര്യകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുക തുടങ്ങിയ വെല്ലുവിളികള്‍ വയോജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. മാറുന്ന സാമൂഹിക ക്രമത്തില്‍ ഇവരെ വീടിന്റെ അകത്തളത്തിലേക്ക് ഒതുക്കുന്ന സാഹചര്യങ്ങളും വർധിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും പകല്‍വീട് പോലുള്ള സംവിധാനങ്ങളിലൂടെ ഇത്തരക്കാരുടെ മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാന്‍ വേണ്ടി സമൂഹം ശ്രമിക്കണം. പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങളിലൂടെ വയോജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും മാനസിക പിന്തുണയും നല്‍കുകയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. പ്രായാധിക്യം ഒരു രോഗമല്ല, അതൊരു ജീവിതാവസ്ഥയാണെന്നും ഡോ. ടി. മുരളി കൂട്ടിച്ചേര്‍ത്തു.
എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഡോ. എം.എ. അമീറലി ആമുഖഭാഷണം നടത്തി. ഡോ. ടി. മുരളി, ഡോ. അനീഷ് വി. ചെറിയാന്, മുഹമ്മദ് നൂറുദ്ദീന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
നിംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ നടക്കുന്ന പരിശീലനത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന നാല്പതംഗ സംഘത്തിനാണ് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.