വിധാന സൗധയിൽ ഗൈഡഡ് ടൂർ ഒരുക്കും
text_fieldsവിധാന സൗധ അലങ്കാര വെളിച്ചത്തിൽ മുങ്ങിയപ്പോൾ
ബംഗളൂരു: സംസ്ഥാനത്ത് ടൂറിസത്തിന്റെ സാധ്യതകള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഞ്ചാരികള്‍ക്കായി വിധാന സൗധ സന്ദര്‍ശിക്കാന്‍ ടൂറിസം വകുപ്പ് സൗകര്യം ഒരുക്കുന്നു.
ഡല്‍ഹിയിലെ രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ് എന്നിവ പൊതുജനങ്ങൾക്ക് സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്കിയതുപോലെ വിധാന സൗധയും പൊതുജനങ്ങള്‍ക്കായി തുറന്നുനൽകാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ ഗൈഡുകളുടെ സഹായത്തോടെയണ് ടൂർ പരിപാടി.
വിധാന സൗധയുടെ ചരിത്രം, നിർമിതികളുടെ പ്രാധാന്യം എന്നിവ സന്ദര്‍ശകര്‍ക്ക് വിവരിച്ചു നല്‍കുന്നതിനായി 30 അംഗങ്ങള്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ടൂറിസം വകുപ്പിൽ നിന്ന് ഒരു നിയുക്ത ഉദ്യോഗസ്ഥനെ നിയോഗിക്കും. വിധാൻ സൗധ ടൂറിസം പദ്ധതിക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനും ഓണ്‍ലൈന്‍ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും ടൂറിസം വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സന്ദര്‍ശകര്‍ പ്രോട്ടോകോള്‍ പാലിക്കുകയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിര്‍ബന്ധമായും കൈവശം വെക്കുകയും ചെയ്യണം. വിധാൻ സൗധ പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യം ലഭിക്കില്ല. .
വിധാന സൗധ ഈയിടെ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചത് ശ്രദ്ധ നേടിയിരുന്നു. മംഗളൂരു മൂഡബിദ്രി ആസ്ഥാനമായ ലൈറ്റിങ് സിസ്റ്റം നിർമാതാക്കളായ ലെക്സ ലൈറ്റിങ്ങാണ് മുഴുവൻ വെളിച്ച സംവിധാനവും നടപ്പാക്കിയത്. വിധാൻ സൗധയുടെ നാല് വശങ്ങളിലും സ്ഥാപിച്ച 1,063 പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചാണ് വിധാൻസൗധയുടെ ചുമരുകളിൽ വർണ വെളിച്ചം വിതറുന്നത്.
ഈ ലൈറ്റുകൾക്ക് സിഗ്നലുകളും ടൈമറുകളും ഉപയോഗിച്ച് ദശലക്ഷക്കണക്കിന് വർണ കോമ്പിനേഷനുകൾ സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അയോധ്യ ധാം, പ്രയാഗ്രാജ് മഹാ കുംഭം, ഗേറ്റ്വേ ഓഫ് ഇന്ത്യ, 100ലധികം പ്രധാന റെയിൽവേ സ്റ്റേഷനുകൾ, പ്രമുഖ ക്ഷേത്രങ്ങൾ, ടി.വി സ്റ്റുഡിയോകൾ, പ്രശസ്തമായ ഓഡിറ്റോറിയങ്ങൾ എന്നിവയിലടക്കം 700ലധികം ലൈറ്റിങ് പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ ട്രാക്ക് റെക്കോഡുണ്ട് കമ്പനിക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.