എം.എൽ.എമാർ ബഹളം തുടർന്നാൽ തീവ്ര നടപടി -സ്പീക്കർ ഖാദർ
text_fieldsഖാദർ
മംഗളൂരു: എം.എൽ.എമാർ സഭയിൽ ബഹളം വെക്കുന്നത് തുടർന്നാൽ ‘തീവ്രമായ നടപടികൾ’ സ്വീകരിക്കാൻ മടിക്കില്ലെന്ന് കർണാടക നിയമസഭാ സ്പീക്കർ മംഗളൂരു എം.എൽ.എ യു.ടി. ഖാദർ തിങ്കളാഴ്ച മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യുന്നത് ശിക്ഷയായി കണക്കാക്കരുത്. അവർ സ്വയം പരിഷ്കരിക്കുകയും ഭാവിയിൽ അവരുടെ പെരുമാറ്റത്തിൽ മാതൃകാ പ്രതിനിധികളാവുകയും വേണം. അവർ ബഹളം സൃഷ്ടിക്കുകയും ‘കസേര’യെ അപമാനിക്കുകയും ചെയ്യുന്നത് തുടർന്നാൽ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ അവർക്കെതിരെ സ്വീകരിക്കും. മുമ്പ് നിയമസഭയിൽ സമാനമായ രീതിയിൽ ഉണ്ടായ ബഹളങ്ങൾക്ക് സ്പീക്കറോ കൗൺസിൽ ചെയർമാനോ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ സംഭവം ആവർത്തിക്കില്ലായിരുന്നു. ധനകാര്യ ബിൽ പാസാക്കാൻ അനുവദിക്കാതെ ബഹളം സൃഷ്ടിച്ചവർ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ ഒരു ദിവസത്തേക്ക് തങ്ങളെ സസ്പെൻഡ് ചെയ്യുമെന്ന് കരുതുമായിരുന്നു. ഭരണഘടന അനുസരിച്ച് താൻ തീരുമാനമെടുത്തു.
അത്തരം പ്രവണതകൾ തടയാൻ ഒരു സന്ദേശം നൽകേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു. ഭരണഘടനാ പദവികളെ നമ്മൾ എന്തുകൊണ്ട് ബഹുമാനിക്കണമെന്ന് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്. പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായ ‘കസേര’യെ അപമാനിക്കുന്നത് സഹിക്കാൻ കഴിയില്ല. മുഴുവൻ സംഭവവും സംസ്ഥാനത്തിന് ഒരു കറുത്ത പാടാണ്. എം.എൽ.എമാർ വേദിയിൽ കയറി, ധനകാര്യ ബിൽ പാസാക്കുന്നത് തടയാൻ ശ്രമിച്ചു. സംസ്ഥാനത്ത് ആരും നിയമസഭക്ക് മുകളിലല്ലെന്നും അത് ബഹുമാനിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ജനങ്ങൾ അറിയണം. സ്പീക്കർ സഭയുടെ തലവനാണ്, ഭരണഘടനാ പദവി വഹിക്കുന്നു. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം തന്റേതായിരുന്നു. മുഖ്യമന്ത്രി അതിൽ ഇടപെട്ടില്ല. കൂറുമാറ്റ നിരോധന നിയമം ശക്തമാണ്. താൻ സ്പീക്കറായിരുന്നെങ്കിൽ മുൻകാലങ്ങളിൽ സർക്കാറിന്റെ തകർച്ചയിലേക്ക് നയിച്ച പാർട്ടി മാറ്റത്തിൽ ഏർപ്പെട്ട എം.എൽ.എമാരെ പിരിച്ചുവിടാൻ മടിക്കില്ലായിരുന്നു. മന്ത്രിമാർ ഉന്നയിച്ച ഹണിട്രാപ് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം നിയമസഭയിൽ ചർച്ച ചെയ്തതായും ഉന്നതതല അന്വേഷണ ആവശ്യം മന്ത്രിമാർ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായും സ്പീക്കർ പറഞ്ഞു. ഇത് ഗുരുതരമായ ഒരു വിഷയമാണ്. ഇതിന് ഉന്നതതല അന്വേഷണം ആവശ്യമുണ്ട്. എന്നാലും ബി.ജെ.പി എം.എൽ.എമാർ ധനകാര്യ ബിൽ പാസാക്കുന്നത് തടയാൻ ശ്രമിക്കുന്നത് തെറ്റാണ്. ധനകാര്യ ബിൽ പാസാക്കാതിരുന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല- ഖാദർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.