പുൽവാമ ആക്രമണം ആഘോഷിച്ച് എഫ്.ബി പോസ്റ്റിട്ട എൻജി. വിദ്യാർഥിക്ക് അഞ്ചുവർഷം തടവ്
text_fieldsബംഗളൂരു: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികർക്കുനേരെ തീവ്രവാദികൾ നടത്തിയ പുൽവാമ ആക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എൻജിനീയറിങ് വിദ്യാർഥിക്ക് അഞ്ചുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
ബംഗളൂരു കച്ചറകാനഹള്ളി സ്വദേശി ഫായിസ് റഷീദിനാണ് (21) ബംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതി ശിക്ഷവിധിച്ചത്. യു.എ.പി.എ പതിമൂന്നാം വകുപ്പും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ (ശത്രുത വളർത്തൽ), 201 (തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസ്.
2019 ഫെബ്രുവരി 14ന് പുൽവാമ ആക്രമണം നടക്കുമ്പോൾ ഫായിസ് റഷീദ് മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തിനുശേഷം ഇതുസംബന്ധിച്ച വിവിധ ചാനലുകളുടെയും വെബ്സൈറ്റുകളുടെയും വാർത്താലിങ്കുകളുടെ കമന്റ് ബോക്സുകളിൽ യുവാവ് ചില പ്രത്യേക കമന്റുകൾ ഇട്ടതായി കണ്ടെത്തിയിരുന്നു.
സൈനികരെ കളിയാക്കിയും ആക്രമികളെ പ്രശംസിച്ചും ഹിന്ദു സമുദായക്കാർക്ക് മുന്നറിയിപ്പ് നൽകിയുമായിരുന്നു കമന്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു ബി.ജെ.പി നേതാക്കൾക്കുമെതിരെ മോശം കമന്റുകളും ഇയാൾ പോസ്റ്റ് ചെയ്തു. തോക്കേന്തിയ ചാവേറിന്റെ പടവും ഷെയർ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ബംഗളൂരു പൊലീസ് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ജാമ്യ ഹരജി കോടതി തള്ളിയതോടെ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
രാജ്യത്തിന്റെ സൈനികർക്കെതിരായ തീവ്രവാദി ആക്രമണത്തെ ആഘോഷിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനുമെതിരായ വെല്ലുവിളിയാണെന്ന് പ്രതിക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയത് സൂചിപ്പിച്ച് ജഡ്ജ് സി.എം. ഗംഗാധരയ്യ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ഒന്നോ രണ്ടോ തവണയല്ല പ്രതി കമന്റിട്ടത്. ഇതുസംബന്ധിച്ച വാർത്ത വന്ന എല്ലാ വാർത്താചാനലുകളുടെയും പോസ്റ്റിന് താഴെ പ്രതി കമന്റിട്ടു. കുറ്റം ചെയ്യുന്ന സമയത്ത് എൻജിനീയറിങ് വിദ്യാർഥിയായ പ്രതി മനപ്പൂർവമാണ് അയാളുടെ എഫ്.ബി അക്കൗണ്ടിലും പോസ്റ്റിട്ടത്. ധീരാത്മാക്കളായ സൈനികരുടെ വീരമൃത്യുവിൽ സന്തോഷം പ്രകടിപ്പിച്ച പ്രതി ഒരു ഇന്ത്യക്കാരനല്ലാത്തപോലെയാണ് അത് ചെയ്തത്.
അതിനാൽ പ്രതിയുടെ കുറ്റകൃത്യം മഹത്തായ രാജ്യത്തിനെതിരാണെന്നും ഹീനമാണെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. രാജ്യത്തിനെതിരായ നിയമപരമായ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് പ്രതി തന്റെ എഫ്.ബി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തത് വിധിയിൽ പറഞ്ഞു. പ്രതിക്കെതിരായ യു.എ.പി.എ കേസിൽ കോടതി വിചാരണ നടത്തിയില്ല. രാജ്യത്തെ യു.എ.പി.എ കേസുകളുടെ കാര്യത്തിൽ സുപ്രീംകോടതി കഴിഞ്ഞ മേയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.