വിദ്യാർഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: കോലാറിലെ മാലൂരിൽ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് കക്കൂസ് കുഴി കോരിച്ച സംഭവം വിവാദമായതിന് പിന്നാലെ ബംഗളൂരു നഗരത്തിലും സമാന സംഭവം അരങ്ങേറി. അന്തരഹള്ളിയിലെ സർക്കാർ സ്കൂളിൽ രണ്ടു വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു. ഇതിന്റെ വിഡിയോ വിദ്യാർഥികളിലാരോ പകർത്തി സമൂഹ മാധ്യമത്തിലിട്ടതോടെ സംഭവം വിവാദമായി. പ്രതിഷേധവുമായെത്തിയ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ ധർണ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസിനെ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി സസ്പെൻഡ് ചെയ്തു.
രണ്ട് വിദ്യാർഥികൾ നഗ്നപാദരായി ശുചിമുറി കഴുകി ചൂലുകൊണ്ട് വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സ്കൂളുകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ മറ്റു സംവിധാനങ്ങൾ ഉണ്ടാകണമെന്നും കുട്ടികളെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി.
സംഭവത്തെ അപലപിച്ച വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, കുറ്റക്കാർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വകുപ്പിന് കീഴിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.