മലയാളം മിഷൻ കർണാടക ചാപ്റ്ററിെൻറ പഠനോത്സവം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം ബംഗളൂരുവിലും മൈസൂരുവിലുമായി നടന്നു. ബംഗളൂരു ഇന്ദിരാനഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ 1000ത്തിലധികം മലയാളം മിഷൻ പ്രവർത്തകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ മലയാളം മിഷൻ രജിസ്ട്രാർ ഉദ്ഘാടനം ചെയ്തു. മൂന്നു മണിക്കൂർ പാട്ടും കളികളുമായി ചോദ്യോത്തരങ്ങളുമായി നടത്തിയ പരിപാടിയിൽനിന്ന് കുട്ടികൾ നേടിയ അറിവിനെ, അധ്യാപകർ തിരിച്ചറിയുന്ന വ്യത്യസ്തമായ മൂല്യനിർണയ രീതിയാണ് 'പഠനോത്സവം' എന്ന മലയാളം മിഷൻ പരീക്ഷ.
പുതു തലമുറയെ മാതൃഭാഷയോടും കേരള സംസ്കാരത്തോടും ചേർത്തുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി സംസാരിച്ചു. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, അക്കാദമി കോഓഡിനേറ്റർ സതീഷ് തോട്ടശ്ശേരി, ടെക്നിക്കൽ ഹെഡ് ജിസോ ജോസ്, മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികൾ, മേഖല കോഓഡിനേറ്റർമാർ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിൽ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യനിർണയമാണ് നടത്തിയത്. ചെണ്ടമേളവും പൂതങ്ങളുമായി കുട്ടികളെ വരവേറ്റു. അവതരണഗാനത്തോടെ പരിപാടിക്ക് തുടക്കമായി. പാട്ടും കവിതയുമൊക്കെയായി പഠിതാക്കളായ കുട്ടികൾ ആഘോഷത്തോടെ പരീക്ഷയിൽ പങ്കാളികളായി.
മൈസൂരു മേഖലയിലെ കുട്ടികൾക്കുവേണ്ടിയുള്ള പഠനോത്സവം ഡി.പോൾ പബ്ലിക് സ്കൂളിൽ രാവിലെ ഒമ്പതിന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജ്യോമിഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കരകൗശല നിർമാണ പ്രദർശനം, അക്ഷരക്കുടുക്ക, നാടൻപാട്ടുകൾ എന്നിവ നടന്നു. മൈസൂരു മേഖല കോഓഡിനേറ്റർ സുരേഷ് ബാബു, പരീക്ഷ നിരീക്ഷകൻ ശ്രീജേഷ്, കെ.പി.എൻ. പൊതുവാൾ, പ്രദീപ് കുമാർ, ദേവി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ അക്ഷരക്കുടുക്കയിൽ നിക്ഷേപിച്ച വാക്കുകളിൽനിന്ന് ഒരു വാക്ക് എടുത്താണ് ഫാ. ജ്യോമിഷ് ഉദ്ഘാടനം നിർവഹിച്ചത്. ഭാഷയെ അന്ധമായി സ്നേഹിക്കാതെ ഭാഷയിൽ പുതിയ വാക്കുകൾ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.