‘ജ്ഞാനസ്നാനം’ വൈവിധ്യങ്ങളെ സമന്വയിപ്പിച്ച് മാനവികതയുടെ പ്രകാശം പരത്തുന്ന കഥ -കെ.വി. സജയ്
text_fieldsബംഗളൂരു: ഏഴുനിറങ്ങൾ ചേർന്ന് പ്രകാശം ഉണ്ടാകുന്നതുപോലെ വൈവിധ്യങ്ങളെ സാമന്വയിപ്പിച്ച് മാനവികതയുടെ ധവളപ്രകാശം നിർമിക്കുന്നതിൽ സഫലമായ കഥയാണ് സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ എന്ന് നിരൂപകനും അധ്യാപകനുമായ കെ.വി. സജയ് പറഞ്ഞു. കേരളസമാജം ദൂരവാണി നഗർ നടത്തിയ പ്രതിമാസ സാഹിത്യ സംവാദത്തിൽ ‘കാലത്തെ അതിജീവിക്കാൻ കെൽപുള്ള കഥകൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർമാസത്തെ തണുത്ത പ്രഭാതത്തിൽ ഇളംവെയിൽപോലെ കഥയുടെ ചൈതന്യവും ആത്മീയതയും രാഷ്ട്രീയവും ഹൃദയത്തിലേക്ക് ഊഷ്മളമായി പ്രസരിക്കും വിധമായിരുന്നു ഇവിടെ നടന്ന പങ്കിട്ടുള്ള കഥ വായന. കേരളത്തിലും ഇതുപോലുള്ള സദസ്സുകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. പങ്കിട്ടു വായിക്കുമ്പോഴാണ് വായന പൂർണമാകുന്നത്.
ആവിഷ്കാരത്തിലെ സൗന്ദര്യമാണ് സൃഷ്ടിയുടെ ഉള്ളറകളിലെ മാനവികതയിലേക്കും രാഷ്ട്രീയത്തിലേക്കും ആത്മീയതയിലേക്കും ആസ്വാദകരെ കൊണ്ടുപോവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലാലി രംഗനാഥൻ, പൊന്നമ്മദാസ്, ശാന്തൻ എലപ്പുള്ളി, ഭരതൻ, സംഗീത, ഷൈന സുരേഷ്, ഗിരിജാകുമാരി, ശശികുമാർ, ഗോകുൽനാഥ്, നരേന്ദ്രബാബു, രമ പിഷാരടി, അനിൽ മിത്രാനന്ദപുരം എന്നിവർ കഥ വായനയിലും ദാമോദരൻ. കെ, രമാ പ്രസന്ന പിഷാരടി, തങ്കമ്മ സുകുമാരൻ, മധു, നരേന്ദ്രനാഥ്, ഗീത. പി, ആർ.വി. പിള്ള എന്നിവർ കവിതവായനയിലും പങ്കെടുത്തു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി. സാഹിത്യവിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
മുൻ പ്രസിഡന്റും സാഹിത്യവിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ ചർച്ച ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രശേഖരൻ നായർ, സുദേവ് പുത്തൻചിറ, ടി.ഐ. ഭരതൻ, ഡോ. രാജൻ, എസ്.കെ. നായർ, ശരത്, ആർ.വി. പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.