സബർബൻ റെയിൽ പദ്ധതി: തുക നൽകാതെ പ്രഖ്യാപനം മാത്രം നടത്തി കേന്ദ്രം
text_fieldsബംഗളൂരു: ബംഗളൂരുവിന്റെ സ്വപ്നപദ്ധതിയായ ബംഗളൂരു സബർബൻ റെയിൽ പ്രോജക്ടിന് (ബി.എസ്.ആർ.പി) കേന്ദ്ര ബജറ്റിൽ അനുവദിച്ചത് 1350 കോടി രൂപ. എന്നാൽ, പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിച്ച സമാന തുകയിൽനിന്ന് ഒരു രൂപ പോലും കേന്ദ്ര സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നതാണ് വാസ്തവം.
ബംഗളൂരുവിനെ റെയിൽവേ ലൈൻ വഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക. 148 കിലോമീറ്റർ നീളമുള്ള പദ്ധതിക്ക് ആകെ 15,767 കോടി രൂപയാണ് വേണ്ടത്.
450 കോടി രൂപ റെയിൽവേയാണ് നൽകുക. ബാക്കി തുക മറ്റു സ്രോതസ്സുകളിൽനിന്നാണ് കണ്ടെത്തുക. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസസ് (കെ-റൈഡ്) ആണ് പദ്ധതി നടപ്പാക്കുക. കർണാടക സർക്കാറിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റൈഡ്.
ഈ മാസം 17ന് അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിലും പദ്ധതിക്കായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 20 ശതമാനം തുക വീതം എടുക്കുകയും ബാക്കി 60 ശതമാനം തുക മറ്റിടങ്ങളിൽനിന്ന് സമാഹരിക്കുകയുമാണ് ചെയ്യുക.
2023-2024 കേന്ദ്രബജറ്റിൽ ആകെ 900 കോടി രൂപ ആന്തരിക-ബാഹ്യ ബജറ്റ് വിഭവങ്ങളിലൂടെ സമാഹരിക്കുമെന്നാണ് പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ തയാറാകുന്നതേയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. ദക്ഷിണപശ്ചിമ റെയിൽവേ സോണിനു കീഴിൽ വൻതോതിൽ ഭൂമിയുണ്ട്.
ഇത് റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറുകയും അതുവഴി പണം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് ഒരു വഴിയെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. എൽ.ഐ.സി പോലുള്ള സർക്കാർ ഏജൻസികളിൽനിന്ന് വായ്പയെടുക്കുകയാണ് അടുത്ത മാർഗം.
ഈ സാമ്പത്തികവർഷം രണ്ടു മാസത്തിനുള്ളിൽ അവസാനിക്കുമെന്നിരിക്കെ പദ്ധതിക്കായി നൽകാമെന്നേറ്റ 450 കോടിയിൽ ഒരു രൂപപോലും ഇതുവരെ റെയിൽവേയും പദ്ധതിക്കായി അനുവദിച്ചിട്ടില്ല. 2022-2023 സാമ്പത്തികവർഷം നൽകാമെന്നേറ്റ തുകയാണിത്.
കൺസ്ട്രക്ഷൻ ഡിവിഷൻ, ഹുബ്ബള്ളിയിലെ ഹെഡ്ക്വാർട്ടേഴ്സ്, റെയിൽവേ ബോർഡ് എന്നീ റെയിൽവേയുടെ വിവിധ വകുപ്പുകളിലായി ഇതുസംബന്ധിച്ച ഫയലുകൾ കറങ്ങുകയാണെന്നും ഇതിനാലാണ് നടപടികൾ വൈകുന്നതെന്നുമാണ് റെയിൽവേ വൃത്തങ്ങളുടെ വിശദീകരണം.
കെ റൈഡിന്റെ ഔദ്യോഗിക മൂലധനവിഹിതം 100 കോടിയിൽനിന്ന് 5000 കോടിയാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവർ പറയുന്നു. കഴിഞ്ഞ ജൂൺ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സബർബൻ റെയിൽ പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്.
സബർബൻ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആർ ബംഗളൂരു-ദേവനഹള്ളി (41 കിലോമീറ്റർ), ബൈയപ്പനഹള്ളി-ചിക്കബാനവാര (25.14 കിലോമീറ്റർ), കെങ്കേരി-വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ- രാജൻകുണ്ഡെ (46.24 കിലോമീറ്റർ) എന്നിവയാണ് ഇടനാഴികൾ.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ആധുനിക സബർബൻ റെയിൽ സംവിധാനം വരുന്ന രാജ്യത്തെ ആദ്യ നഗരമാകും ബംഗളൂരു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ സ്ഥലം ഇതിനകം ലഭിച്ചിട്ടുണ്ട്. റെയിൽവേയുടെ 157 ഏക്കർ സ്ഥലമാണ് അടുത്തിടെ കെ റൈഡിന് കൈമാറിയത്.
ആദ്യഘട്ടത്തിൽ ബൈയപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ (25 കിലോമീറ്റർ) ആണ് പൂർത്തിയാക്കുക. രണ്ടാംഘട്ടത്തിൽ ഹീലലിഗെ മുതൽ രാജൻകുണ്ഡെ വരെ (46 കിലോമീറ്റർ) യാണ് പൂർത്തിയാക്കുക. ഇതിൽ 19 സ്റ്റേഷനുകളുണ്ടാകും. ഈ ഭാഗത്ത് 193 ഏക്കർ സ്ഥലം ആവശ്യപ്പെട്ട് കെറൈഡ് അപേക്ഷ നൽകിയിട്ടുണ്ട്. ബൈയപ്പനഹള്ളി- ചിക്കബാനവാര പാതയിൽ ഹെബ്ബാൾ റെയിൽവേ സ്റ്റേഷനു സമീപത്ത് നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.