ചന്ദ്രയാന്റെ വിക്ഷേപണ വിജയം ഗഗൻയാൻ ദൗത്യത്തിന് ശക്തിപകരും
text_fieldsബംഗളൂരു: ചന്ദ്രയാൻ- മൂന്നിനെ വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച എൽ.വി.എം- മൂന്നിന്റെ പ്രകടനം മനുഷ്യഗഗൻയാൻ പദ്ധതിക്കും കരുത്തു പകരും. ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ എൽ.വി.എം- മൂന്നാണ് മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള അഭിമാന പദ്ധതിയായ ഗഗൻയാനും ഉപയോഗിക്കുക.
മൂന്നു ശാസ്ത്രജ്ഞരും പരീക്ഷണ പേടകങ്ങളും ഉൾക്കൊള്ളുന്ന ഗഗൻയാൻ പേടകത്തെ ഭൂമിയുടെ 400 കിലോമീറ്റർ അകലെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇനി എൽ.വി.എം- മൂന്നിന്റെ പ്രധാന ദൗത്യം. മൂന്നു ദിവസം ബഹിരാകാശത്ത് നിരീക്ഷണ-ഗവേഷണങ്ങൾ നടത്തുന്ന ദൗത്യസംഘത്തെ തിരിച്ച് സുരക്ഷിതമായ ഭൂമിയിലെത്തിക്കുക എന്നത് ഇസ്റോക്ക് മുന്നിലെ വെല്ലുവിളിയാണ്.
ഇസ്റോയുടെ വിശ്വസ്തനായ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് മൂന്നിനെ പുനർനാമകരണം ചെയ്തതാണ് എൽ.വി.എം- മൂന്ന്. 44.3 മീറ്റർ ഉയരമുള്ള, ‘ഫാറ്റ് ബോയ്’ എന്ന് വിളിപ്പേരുള്ള ഭീമൻ റോക്കറ്റ് മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനമാണെന്നതാണ് പ്രത്യേകത. ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിനുപയോഗിച്ച എൽ.വിഎം- മൂന്നിന്റെ ഘടനയിൽ കുറച്ചുകൂടി ക്രമീകരണങ്ങൾ വരുത്തി ‘ഹ്യൂമൻറേറ്റഡ് എൽ.വി.എം- മൂന്ന്’ എന്ന് പുനർനാമകരണം ചെയ്താണ് ഗഗൻയാന് ഉപയോഗിക്കുക.
ആദ്യ രണ്ടു ഘട്ടങ്ങളിൽ യഥാക്രമം ഖര, ദ്രവ ഇന്ധനങ്ങളാൽ ജ്വലിക്കുകയും മൂന്നാം ഘട്ടത്തിൽ ക്രയോജനിക് ഇന്ധനത്താൽ കുതിക്കുകയും ചെയ്യുന്ന എൽ.വി.എം- മൂന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 4000 കിലോ ഭാരമുള്ള പേടകങ്ങൾ വഹിക്കാൻ ശേഷിയുള്ളവയാണ്.
ഗഗൻയാൻ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് അവസാനത്തിൽ ഗഗൻയാന്റെ ആളില്ലാ ദൗത്യം ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഇസ്റോ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പരീക്ഷണ വാഹനം തയാറായതായും ക്രൂ മൊഡ്യൂളും ക്രൂ എസ്കേപ്പ് സംവിധാനവും കൂട്ടിച്ചേർക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഇസ്റോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.