സ്ഥലം മാറ്റാതിരിക്കാൻ 30 ലക്ഷം ചോദിച്ച് പീഡനം; ദലിത് എസ്.ഐ ജീവനൊടുക്കി
text_fieldsബംഗളൂരു: സ്ഥലം മാറ്റാതിരിക്കാൻ കോൺഗ്രസ് എം.എൽ.എയും മകനും 30 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ മാനസിക പിരിമുറുക്കം കാരണം ദലിതനായ പൊലീസ് സബ് ഇൻസ്പെക്ടർ ജീവനൊടുക്കി. യാദ്ഗീർ ജില്ലയിലെ യാദ്ഗീർ പൊലീസ് സ്റ്റേഷൻ എസ്.ഐ പരശുരാമാണ് (35) മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ശ്വേത നൽകിയ പരാതിയെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പൊലീസ് കേസെടുത്തു. മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതിനെത്തുടർന്ന് ആശുപത്രിലായിരുന്നു മരണം. ബോധപൂർവമായ അപമാനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സ്ഥലം മാറ്റാതിരിക്കണമെങ്കിൽ 30 ലക്ഷം രൂപ എം.എൽ.എയും മകനും പരശുരാമിനോട് നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
എന്നാൽ, ആത്മഹത്യക്കുറിപ്പൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ഥലംമാറ്റം സംബന്ധിച്ച് മാനസിക സംഘർഷമുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നതായി മന്ത്രി സമ്മതിച്ചു. എല്ലാ ആരോപണങ്ങളും അന്വേഷിക്കും എന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ എസ്.ഐയുടെ മരണത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് ആർ. അശോക രംഗത്തെത്തി.
ചെന്നറെഡ്ഡിയുടെയും മകന്റെയും ഉപദ്രവം കാരണം മാനസിക സമ്മർദത്തിലായിരുന്നു പരശുരാമെന്നും ചെന്നറെഡ്ഡി ഉടൻ രാജിവെക്കണമെന്നും സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അശോക ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.