തന്നെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ലെന്ന് സുമലത
text_fieldsബംഗളൂരു: മണ്ഡ്യയിൽ ജെ.ഡി-എസ് സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രചാരണത്തിന് ചില ബി.ജെ.പി നേതാക്കൾ നിസ്സഹകരിച്ചെന്ന എച്ച്.ഡി. ദേവഗൗഡയുടെ ആരോപണത്തിന് മറുപടിയുമായി മണ്ഡ്യ സിറ്റിങ് എം.പി സുമലത അംബരീഷ്. തന്നെ പ്രചാരണത്തിനായി ജെ.ഡി-എസിൽനിന്ന് ആരും ക്ഷണിച്ചിരുന്നില്ലെന്ന് സുമലത പറഞ്ഞു. മണ്ഡ്യയിലെ വിജയത്തിന് തന്റെ സാന്നിധ്യം ആവശ്യമില്ലെന്നായിരുന്നു ചില ജെ.ഡി-എസ് നേതാക്കളുടെ ധാരണയെന്നും എച്ച്.ഡി. കുമാരസ്വാമി തന്നെ വീട്ടിൽ സന്ദർശിച്ചതിനുശേഷം ജെ.ഡി-എസിൽനിന്ന് ആരും തന്നെ കാമ്പയിനുവേണ്ടി ക്ഷണിച്ചിട്ടില്ലെന്നും സുമലത പറഞ്ഞു.
മണ്ഡ്യയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ്-കോൺഗ്രസ് സഖ്യ സ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ചിരുന്നു. ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലതക്കായിരുന്നു ജയം. ഇത്തവണ ബി.ജെ.പി ടിക്കറ്റിനായി സുമലത ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജെ.ഡി-എസും ബി.ജെ.പിയും സഖ്യമായതിനാൽ മണ്ഡ്യ സീറ്റ് ജെ.ഡി-എസ് ചോദിച്ചുവാങ്ങി. സുമലത ബി.ജെ.പിയിൽ ചേർന്നെങ്കിലും മണ്ഡലത്തിൽ കുമാരസ്വാമിയുടെ പ്രചാരണത്തിനിറങ്ങാതിരുന്നത് സഖ്യത്തിലെ വിള്ളലായി വിലയിരുത്തപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇതേക്കുറിച്ച് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. ഒരുവിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നുമായിരുന്നു ദേവഗൗഡയുടെ പരാമർശം. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെക്കുറിച്ച് ദേവഗൗഡ പേരെടുത്ത് പറയുകയും ചെയ്തു. ഹാസനിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡയും ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ പ്രചാരണത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.