വേനൽ; കുതിച്ചുയർന്ന് തേങ്ങവില
text_fieldsബംഗളൂരു: മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കറികളോ പലഹാരങ്ങളോ തുടങ്ങി എന്തുമാകട്ടെ തേങ്ങ ആവശ്യമാണ്. എന്നാൽ ഇപ്പോൾ തേങ്ങയുടെ വില കേട്ടാൽ തന്നെ കൈപൊള്ളും.
വേനൽ കനത്തതോടെ ഉൽപാദനം കുറഞ്ഞതും ഇളനീരിന് ആവശ്യക്കാരേറിയതും കാരണം തേങ്ങക്ക് ബംഗളൂരുവിൽ വില 50 തൊട്ടു. ചൂട് കാരണം പെട്ടെന്ന് കേടായിപ്പോകുന്നതിനാൽ വില വർധിക്കാൻ കാരണമാകുന്നുണ്ട്. കുറച്ചു മുമ്പുവരെ തേങ്ങയുടെ വില 30-35 രൂപയായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ വരൾച്ചയും തെങ്ങുകൾക്കുണ്ടാകുന്ന രോഗവും കാരണം തുമക്കുരു, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങളിൽ തേങ്ങയുൽപാദനം പകുതിയോളമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. കൂടുതൽ കാത്തുനിൽക്കാതെ പെട്ടെന്ന് വിളവെടുക്കാമെന്നതുകൊണ്ട് തന്നെ കർഷകരും ഇളനീരീനാണ് കൂടുതൽ പരിഗണന നൽകുന്നത്. അവസരം മുതലെടുത്ത് ഇടനിലക്കാരും അനാവശ്യമായി വില വർധിപ്പിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വില കൂടിയതോടെ തേങ്ങയുടെ വിൽപന കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.