ഒരു ജനതയുടെ ആധികാരികതയുടെ പേരാണ് മാതൃഭാഷ -സുനിൽ പി. ഇളയിടം
text_fieldsബംഗളൂരു: ഭാഷക്ക് വേണ്ടിയുള്ള പരിശ്രമങ്ങള്‍ കേവലമായ ഭാഷാ പരിശ്രമങ്ങള്‍ മാത്രമല്ല ഒരു ജനത അതിന്റെ ആധികാരികതയെ സ്ഥാപിച്ചെടുക്കാന്‍ നടത്തുന്നതാണെന്നും മാതൃഭാഷ എന്ന് പറയുന്നതു കാൽപനിക വ്യാമോഹത്തിന്റെ പേരല്ല; ആധികാരികതയുടെ പേരാണെന്നും സാംസ്ക്കാരിക ചിന്തകനായ സുനിൽ പി. ഇളയിടം. മലയാളം മിഷന് കർണാടക ചാപ്റ്റര്‍ സംഘടിപ്പിച്ച പൊലിമ 2023 പരിപാടിയില്‍ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭാവന ഒരു തുറസ്സ് ആണ്. ഇങ്ങനെ ഒരു തുറസ്സ് നൽകുക എന്നതാണ് വാസ്തവത്തില്‍ മാതൃഭാഷയുടെ വലിയ പ്രാധാന്യം. ഒരു വലിയ പടര്‍ച്ചയാണ് വാക്ക്. വാക്കിന്റെ വെളിച്ചം കൊണ്ട് തെളിഞ്ഞു കിട്ടിയില്ലെങ്കില്‍ ലോകം ഇരുട്ടില്‍ ആണ്ടുപോകും. വാക്ക് വലുതായി വന്നാല്‍ ലോകത്തെ മനസ്സിലാക്കാനുള്ള വലുപ്പം കൂടും. മാതൃഭാഷ സാമൂഹികതയുടെ വലിയ ഒരു പാര്‍പ്പിടമാണ്. ഭാഷ അര്‍ഥത്തെ പേറി നില്ക്കുന്ന ഒരു പുറം തണ്ടാണോ ഭാഷ ചരിത്രത്തില്‍ വേരുള്ള ഒരു അനുഭവമാണോ എന്നതാണ് ഒരു ഭാഷയെ മാതൃഭാഷയാക്കുന്ന അടിസ്ഥാന ഘടകം. നിങ്ങള്‍ക്ക് മാതൃഭാഷ നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ ആയിരിക്കുന്നതിന്റെ ആധികാരികത നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് ഏർപ്പെടുത്തിയ മലയാണ്മ 2023 പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയവർക്കുള്ള സ്വീകരണ ചടങ്ങിൽ ഭാഷാമയൂരം പുരസ്കാരം നേടിയ മലയാളം മിഷന് കർണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ .ദാമോദരന്‍, ഭാഷ പ്രതിഭ പുരസ്ക്കാരം നേടിയ ഡിജിറ്റല്‍ ഇന്‍ഡിക് ആര്‍കൈവ് ഭാരവാഹി ഷിജു അലക്സ് ,മലയാളം മിഷന് ബോധി അധ്യാപക പുരസ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ മീര നാരായണന് എന്നിവരെ അനുമോദിച്ചു .മലയാളം മിഷന് കോഓഡിനേറ്റര്‍ ബിലു സി. നാരായണന് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ. നൗഷാദ്, ലോക കേരള സഭ അംഗങ്ങളായ കെ.പി. ശശിധരന്, സി. കുഞ്ഞപ്പന് ,മലയാളം മിഷന് തമിഴ്നാട് കോഓഡിനറ്റര് ജയരാജ് , ആര്.വി. ആചാരി, ടി.എം. ശശിധരന്, മധു കലമാനൂര്‍, കെ.പി. ശ്രീധരന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
വിവിധ സാംസ്കാരിക സംഘടനകള്‍ പുരസ്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. ആമ്പല്‍ കുട്ടികളുടെ പ്രതിനിധിയായി സേതു ലക്ഷ്മിദാസ് പുരസ്കാര ജേതാക്കളെ കുറിച്ചു സംസാരിച്ചു. ടോമി ജെ. ആലുങ്കല്‍ സ്വാഗതവും ജയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു. ഷാഹിന ലത്തീഫ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ബുഷ്റ വളപ്പില്‍, അമ്പിളി ശിവദാസ്, നൂര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.